പട്ടാമ്പി: പട്ടാമ്പി നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'നിർമ്മലം' പുതുയുഗ ശുചിത്വകേരളം പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം വിപുലമായ പരിപാടികളോടെ നടന്നു. പട്ടാമ്പി നഗരസഭാ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ടി.പി. ഷാജി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ അധ്യക്ഷത വഹിച്ചു.
നഗരസഭയിലെ ഓരോ വാർഡിലും പ്രത്യേക പോയിന്റുകൾ കണ്ടെത്തി ശുചീകരണവും സൗന്ദര്യവൽക്കരണവും നടത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി ശ്രീ നീലകണ്ഠ സംസ്കൃത കോളേജ് ബസ് സ്റ്റോപ്പിന് സമീപം മിനി MCF-നോട് ചേർന്ന് സ്ഥിരമായി മാലിന്യം വന്നുനിറഞ്ഞിരുന്ന പ്രദേശം പൂന്തോട്ടമാക്കി മാറ്റി. ICI 100 ചലഞ്ചിന്റെ ഭാഗമായി ഈ സ്ഥലം കണ്ടെത്തി നഗരസഭ ചലഞ്ച് ഏറ്റെടുക്കുകയായിരുന്നു.
മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം പഴയ ടയറുകൾ, ഡ്രമ്മുകൾ, പൈപ്പുകൾ, സൈക്കിളുകൾ എന്നിവ വർണ്ണാഭമായി പെയിന്റ് ചെയ്ത് പുനരുപയോഗിക്കുകയും അവയിൽ ചെടികൾ വെച്ചുപിടിപ്പിച്ച് നഗരത്തിന് പുതിയൊരു ഭംഗി നൽകുകയും ചെയ്തു. വരും ദിവസങ്ങളിൽ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ ഏകോപിത ശുചിത്വ പ്രവൃത്തികൾ നടത്തുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.
ചടങ്ങിൽ നഗരസഭാ സ്ഥിരം സമിതി അംഗങ്ങൾ, കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി ഡോ. അമൽ എസ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
