പറക്കുളത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള നന്നങ്ങാടിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി


കപ്പൂർ പഞ്ചായത്തിലെ പറക്കുളത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള നന്നങ്ങാടി കണ്ടെത്തി. പറക്കുളം ചാത്തയിൽ സുബ്രഹ്മണ്യന്റെ പറമ്പിൽ റോഡിനോട് ചേർന്ന് കുഴിയെടുക്കുന്നതിനിടയിലാണ് മുകൾഭാഗം തകർന്ന നന്നങ്ങാടി കണ്ടെത്തിയത്. ഇത് കാലപ്പഴക്കത്താലോ റോഡിന്റെ നിർമാണ സമയത്തോ തകർന്നതാകാമെന്നാണ് കരുതുന്നത്.

പട്ടാമ്പി ഗവ. സംസ്കൃത കോളേജിലെ ചരിത്രവിഭാഗം അസോസിയേറ്റ് പ്രൊഫസർ കെ. രാജന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. നന്നങ്ങാടിക്കുള്ളിൽ മൺതളികയിൽ പഴക്കമുള്ള അസ്ഥിക്കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്. പറമ്പിൽനിന്ന് കിട്ടിയ സാധനങ്ങൾ സുബ്രഹ്മണ്യൻ വീട്ടിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. നന്നങ്ങാടിയെക്കുറിച്ച് കൂടുതൽ അറിയാൻ ചരിത്രവിഭാഗവുമായി ബന്ധപ്പെട്ടിട്ടുണ്ട്.

പറക്കുളം കുന്നിൻചെരുവിലാണ് സുബ്രഹ്മണ്യന്റെ വീട് സ്ഥിതിചെയ്യുന്നത്. മൃതദേഹങ്ങൾ അടക്കംചെയ്യുന്നതിന് മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന വലിയ മൺപാത്രം (ഒരുതരം ശവക്കല്ലറ) ആണ്‌ നന്നങ്ങാടി. നന്നങ്ങാടികളിൽ ശവം അടക്കുന്നത് മഹാശിലാ സംസ്‌കാരകാലത്തെ വിവിധ സംസ്‌കാരരീതികളിൽ ഒന്നായിരുന്നു. ഈ ഭാഗങ്ങളിൽ കൂടുതൽ പരിശോധന നടത്തുന്നതിനായി വരും ദിവസങ്ങളിൽ പുരാവസ്‌തുവിഭാഗം സന്ദർശനം നടത്തി പരിശോധന നടത്തുമെന്ന് അസോസിയേറ്റ് പ്രൊഫസർ കെ. രാജൻ പറഞ്ഞു.


Below Post Ad