എടപ്പാൾ കാളാച്ചാൽ അച്ചിപ്ര വളപ്പിൽ റഷീദിന്റെ ഭാര്യ ഷഫീലയെ(28) ആണ് കഴിഞ്ഞ ദിവസം രാത്രി വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് യുവതി കുറ്റിപ്പുറത്തുള്ള തന്റെ സഹോദരന് മൊബൈലിൽ സന്ദേശം അയച്ചിരുന്നു. ഇദ്ദേഹം അറിയിച്ചതനുസരിച്ച് സഹോദരി വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തുള്ള ഭർത്താവ് റഷീദ് ഒരു മാസം മുൻപാണ് നാട്ടിൽ വന്നുപോയത്. .
മലപ്പുറം മങ്കട സ്വദേശിയായ യുവാവ് മൊബൈലിൽ സന്ദേശം അയച്ച് ശല്യപ്പെടുത്തിയതായും കഴിഞ്ഞ ദിവസം 2 തവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. ബന്ധുക്കളുടെ പരാതി പ്രകാരം ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് കബറടക്കം നടത്തി മക്കൾ: ആമിന റിദ, ഫാത്തിമ റിഫ.
മങ്കട സ്വദേശിയായ യുവാവ് ചൊവ്വാഴ്ച വീട്ടിലെത്തിയ ഭീഷണിപ്പെടുത്തിയ വിവരം ഷഫീല ഇളയ സഹോദരൻ അബൂബക്കർ സിദ്ദീഖിനോട് പറഞ്ഞിരുന്നു. നിരന്തരം മെസേജ് അയച്ച് ശല്യം ചെയ്തതിനെ തുടർന്ന് മങ്കട സ്വദേശിയെ ഷഫീല വാട്സാപ്പിൽ ബ്ലോക്ക് ചെയ്തിരുന്നു. ഈ ബ്ലോക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. ഇയാൾ ഏറെനേരം ഷഫീലയുമായി വഴക്കുണ്ടാക്കിയതായി അയൽക്കാർ പറയുന്നു.