കുറ്റിപ്പുറം പാലം പുതിയ ദേശീയ പാത നിര്‍മാണത്തിന്റെ ഭാഗമായി നവീകരിക്കപ്പെടുകയാണ്.1953ൽ 29 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച പാലത്തിന്റെ കിഴക്കുവശത്ത് 4 ട്രാക്കുകളോടുകൂടിയ പുതിയ പാലം വരുമ്പോൾ നിളയ്ക്കു കുറുകെ 6 വരികളിൽ സഞ്ചാരസൗകര്യമൊരുങ്ങും. പുതിയ പാലത്തിനായുള്ള മണ്ണുപരിശോധന ഇന്നലെ ആരംഭിച്ചു.
മിനിപമ്പയിലെ പാർക്കിങ് സ്ഥലത്തുകൂടിയാണ് പുതിയ പാലം വരുന്നത്. പാലത്തിന്റെ അപ്രോച്ച് റോഡ് അടക്കമുള്ള ഭാഗങ്ങളിലെ നിലമൊരുക്കൽ പൂർത്തിയായി. മണ്ണുപരിശോധന ഒരുമാസത്തിനകം പൂർത്തിയാകും.ഇതിനുശേഷം അന്തിമ ഡിസൈൻ തയാറാകുന്നതോടെ പൈലിങ് ജോലികൾ ആരംഭിക്കും.
ഭാരതപ്പുഴയിൽ ഇരുവശത്തേക്കുമായി 3 വീതം ട്രാക്കുകളോടെയുള്ള സഞ്ചാരസംവിധാനമാണ് ഒരുക്കുന്നത്.നിലവിലെ രണ്ടു വരി പാലം എറണാകുളം ഭാഗത്തേക്കുള്ള 3 ട്രാക്കുകളിൽ രണ്ടെണ്ണമായി ഉപയോഗിക്കും.പാലത്തിന്റെ സമീപത്തെ കെട്ടിടങ്ങളെല്ലാം പൊളിച്ചുമാറ്റി അടുത്ത കാലവർഷത്തിനു മുൻപായി പൈലിങ് ജോലികൾ പൂർത്തിയാക്കി തൂണുകളുടെ നിർമാണം ആരംഭിക്കാനാണു ശ്രമം.