അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ കസേരയില്‍ തുടരില്ല: മന്ത്രി പി.എ മുഹമ്മദ് റിയാസ്


 ഒരിക്കലും മാറില്ല എന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമരാമത്തു വകുപ്പ്  ഉദ്യോഗസ്ഥര്‍ അധികകാലം കസേരയില്‍ ഉണ്ടാവില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.പാലക്കാട്  ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോ-ഓര്‍ഡിനേഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പട്ടാമ്പി പാലത്തിന്റെ ഭൂമി ഏറ്റെടുക്കലില്‍ ഉടന്‍ തീരുമാനം എടുക്കണം. വിവിധ പ്രവൃത്തികള്‍ സംബന്ധിച്ച് എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ ഉടന്‍ ഇടപെട്ട് പരിഹാരം കാണണമെന്നും മന്ത്രി പറഞ്ഞു. 

ഒരു തരത്തിലുള്ള അനാസ്ഥയും വച്ച് പൊറുപ്പിക്കില്ല. ജില്ലയില്‍ കിഫ്ബി പദ്ധതികള്‍ നടപ്പിലാക്കാന്‍ ചുമതലയുള്ള  കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ജില്ലയുടെ ചുമതലയുള്ള ചില ഉദ്യോഗസ്ഥര്‍  ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്. അവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവും. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ യോഗം ചേര്‍ന്ന് വിലയിരുത്തി മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലയുടെ ചുമതലയുള്ള നോഡല്‍ ഓഫീസറെയും ജില്ലാ കലക്ടറേയും ചുമതലപ്പെടുത്തിയതായി മന്ത്രി വ്യക്തമാക്കി.  

മികച്ച പ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥരെ മന്ത്രി യോഗത്തില്‍ അഭിനന്ദിച്ചു.  ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി, എം.എല്‍.എമാരായ എ പ്രഭാകരന്‍, കെ.ഡി പ്രസേനന്‍, അഡ്വ. കെ പ്രേംകുമാര്‍, അഡ്വ. കെ.ശാന്തകുമാരി, മുഹമ്മദ് മുഹ്സിന്‍, പി മമ്മിക്കുട്ടി, എന്‍ ഷംസുദ്ദീന്‍, ഷാഫി പറമ്പില്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിങ്, ജോയിന്റ് സെക്രട്ടറി എസ്.സാംബശിവ റാവു, ജില്ലയിലെ മറ്റു പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Tags

Below Post Ad