എടപ്പാൾ മേൽപ്പാലം വന്നതോടെ കുരുക്കഴിഞ്ഞ എടപ്പാളിൽ അടിയിലെ പാർക്കിങ് സ്ഥലത്തിന്റെ അവകാശത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. തൃശ്ശൂർ റോഡിൽ പാലത്തിനടിയിൽ നാലു ടാക്‌സികൾ നിർത്താൻ അനുവാദം നൽകിയതാണ് സംഘർഷത്തിലേക്കും വിവാദത്തിലേക്കും നീങ്ങുന്നത്.
തൃശ്ശൂർ റോഡിൽ പാലത്തിനടിയിലുള്ള കുറേ സ്ഥലം പോലീസ് എയ്‌ഡ് പോസ്റ്റും ശൗചാലയവുമായി മാറി. ശേഷിക്കുന്നിടം ടൗണിലേക്ക് വരുന്ന വാഹനങ്ങൾ നിർത്തിയിടാനും കടകളിലേക്ക് വരുന്ന ചരക്കുലോറികൾ നിർത്തിയിടാനുമാണ് ഇതുവരെ വിനിയോഗിച്ചിരുന്നത്. കാറുകൾ ഇവിടേക്ക് കയറ്റിയതോടെ ഇതിനുള്ള സൗകര്യം നഷ്ടപ്പെട്ടതാണ് വ്യാപാരികളെയൊന്നാകെ പ്രതിഷേധത്തിലാക്കിയിട്ടുള്ളത്.
ഏകോപനസമിതിയും വ്യാപാരി സമിതിയും ഒറ്റക്കെട്ടായാണ് ഇതിനെതിരേ രംഗത്തുവന്നത്. വ്യാപാരികളും ടാക്‌സിക്കാരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുടലെടുത്തത് പോലീസെത്തിയാണ് തത്കാലം ശമിപ്പിച്ചത്.അധികാരികളുടെ തീരുമാനപ്രകാരം പാർക്ക് ചെയ്യുന്ന കാറുകളെ അവിടെ പാർക്ക് ചെയ്യാനനുവദിക്കില്ലെന്ന വ്യാപാരികളുടെ നിലപാട് അംഗീകരിക്കില്ലെന്നാണ് കാറുടമകൾ പറയുന്നത്.
കാറോടിച്ച് കുടുംബം പോറ്റുന്നവരോട് അത് നിർത്തിയിടാനനുവദിക്കില്ലെന്ന് പറയുന്നതിന് എന്തു ന്യായമാണുള്ളതെന്നും ഇവർ ചോദിക്കുന്നു. തങ്ങൾക്ക് അനുവദിച്ച സ്ഥലത്തുള്ള ടാക്‌സി പാർക്കിങ്ങിനെതിരേ എം.എൽ.എ., തദ്ദേശ സ്ഥാപന ഭാരവാഹികൾ എന്നിവർക്ക് നിവേദനം നൽകാനും സമരപരിപാടികളാരംഭിക്കാനുമാണ് വ്യാപാരികളുടെ തീരുമാനം. അതേസമയം തർക്കസ്ഥലത്തുള്ള കാറുകളുടെ പാർക്കിങ് ഇല്ലാതാക്കി ആ സ്ഥലം വീണ്ടും പഴയതുപോലെ ആക്കാനുള്ള നീക്കമുണ്ടെന്ന ആരോപണവും ഇതിനിടയിൽ ഉയർന്നു