ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന തട്ടുകടകളിൽ പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ-ആരോഗ്യ വകുപ്പുകൾ


ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളിൽ  മാരകമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയ  സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും  ആരോഗ്യ വകുപ്പും ചേര്‍ന്ന് തട്ടുകടകളില്‍ കര്‍ശന പരിശോധന ആരംഭിച്ചു.

ഭക്ഷ്യസുരക്ഷ ഗുണ നിലവാര നിയമ പ്രകാരം 3.75 ശതമാനം മാത്രമേ അസറ്റിക് ആസിഡ് ഉപയോഗിക്കാവൂ. എന്നാല്‍ ഉപ്പിലിടുന്ന വസ്തുക്കള്‍ പെട്ടെന്ന് പാകപ്പെടുന്നതിനായി വീര്യം കൂടുതലുള്ള അസറ്റിക് ആസിഡും മറ്റ് രാസപദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നുണ്ടെന്നാണ് സംശയം. ഇതേ തുടര്‍ന്നാണ് പരിശോധന ശക്തമാക്കുന്നത്.

തട്ടുകടകളില്‍ നിന്ന്  ഉപ്പിലിട്ടതും മറ്റു ഭക്ഷ്യവസ്തുക്കളും വാങ്ങിക്കഴിക്കുമ്പോള്‍ പലവട്ടം ആലോചിക്കേണ്ട അവസ്ഥയാണിന്ന്. തട്ടുകടകളില്‍ നിന്ന് ഒന്നും നോക്കാതെ ഭക്ഷ്യവസ്തുക്കൾ വാങ്ങിക്കഴിക്കുന്നവരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിലുണ്ടായ സംഭവം.ഉപ്പിലിട്ടത് വില്‍ക്കുന്ന കടയില്‍ നിന്ന് രാസലായനി കഴിച്ച്  രണ്ട് വിദ്യാര്‍ഥികള്‍ക്ക് മാരകമായ പൊള്ളലേറ്റിരുന്നു 

ഭക്ഷ്യവിഷബാധയോ ഭക്ഷ്യദുരന്തമോ ഉണ്ടാകുമ്പോള്‍ അധികൃതരുടെ പരിശോധനകളും ബോധവത്കരണവും സജീവമാകും. താമസിയാതെ അത് മന്ദഗതിയിലാകുകയും കടക്കാര്‍ പഴയപടി മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന പുനരാരംഭിക്കുകയും ചെയ്യും. 

ജനരോഷം ഉയരുമ്പോള്‍ മാത്രം പരിശോധന എന്ന നിലപാട് മാറ്റി ആഴ്ചയിലൊരിക്കലെങ്കിലും ഇത്തരം കടകളില്‍ പരിശോധന നടത്താന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ടു വന്നെങ്കിലേ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പ് വരുത്താനാകൂ. 

KNews-Editorial 


Tags

Below Post Ad