എഴുത്തു ലോട്ടറി നടത്തിയ രണ്ടത്താണി മണ്ഡലത്ത് വീട്ടിൽ അറമുഖൻ്റെ മകൻ ബാബു എന്ന ഷൺമുഖദാസി(32)നെയാണ് കുറ്റിപ്പുറം പോലീസ് എസ് എച് ഒ ശശീന്ദ്രൻ മേലയിലിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളുടെ കടയിൽ നിന്ന് 15000 ത്തോളം രൂപയും ലോട്ടറി നടത്തിപ്പിനുള്ള മൊബൈൽ ഫോണുകളും മൂന്നക്ക നമ്പരുകൾ കുറിച്ചെടുക്കുന്ന പുസ്തകവും മറ്റും പിടിച്ചെടുത്തു.ഇയാൾ പിരിച്ചെടുത്ത പണം നൽകിയ ആളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മൂന്നക്ക നമ്പരിന്റെ ഭാഗ്യപരീക്ഷണമാണ് എഴുത്തുലോട്ടറി അല്ലെങ്കിൽ മൂന്നക്കലോട്ടറി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭാഗ്യപരീക്ഷണം.എഴുത്ത് ലോട്ടറിയിൽ ഒരു നറുക്കിന് 10 രൂപയാണ് വില. നറുക്കിൽ നമ്പർ എഴുതിയിടുന്നയാൾ ചുരുങ്ങിയത് അഞ്ച് നറുക്ക് എടുക്കണം. സംസ്ഥാന ലോട്ടറി നറുക്കെടുപ്പ് നടക്കുന്ന എല്ലാദിവസവും വൈകീട്ട് 2.30 വരെ ഭാഗ്യാന്വേഷികൾക്ക് എഴുത്തുലോട്ടറിയിൽ നറുക്ക് എഴുതിനൽകാം.
മൂന്നക്ക നമ്പരാണ് നറുക്കിന് എഴുതി നൽകേണ്ടത്. നേരത്തേ ഭാഗ്യനമ്പരുകൾ എഴുതി നൽകുകയായിരുന്നു ഭാഗ്യാന്വേഷികൾ. ഇപ്പോൾ വാട്സ് ആപ് വഴിയാണ് ഭാഗ്യനമ്പരുകൾ അയച്ചുകൊടുക്കുന്നത്. നറുക്കിനുള്ള പണം നേരിട്ടോ ഗൂഗിൾ പേ പോലുള്ള സംവിധാനങ്ങൾ വഴിയോ നൽകും. സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനാർഹമായ നമ്പരിന്റെ അവസാന മൂന്നക്കനമ്പർ എഴുതിയയാൾക്ക് ഒരുനറുക്കിന് 5000 രൂപ വെച്ചാണ് എഴുത്തുലോട്ടറി മാഫിയ സമ്മാനമായി നൽകുക.
രണ്ടാം സമ്മാനമായി ലഭിച്ച നമ്പരിന്റെ അവസാന മൂന്നക്കം എഴുതിയയാൾക്ക് 500 രൂപ. മൂന്നാം സമ്മാനം ലഭിച്ച നമ്പരിന് 250 രൂപ. നാലാം സമ്മാനം ലഭിച്ച നമ്പരിന് 100 രൂപയും. അഞ്ചാം സമ്മാനം ലഭിക്കുന്ന നമ്പരിന് ഗ്യാരണ്ടി സമ്മാനം എന്നൊരു വിഭാഗവുമുണ്ട്.
ഒരു നറുക്കിന് 20 രൂപയാണ് ഗ്യാരണ്ടി സമ്മാനം. ഈ സമ്മാനം ലഭിക്കണമെങ്കിലും കുറഞ്ഞത് അഞ്ച് നറുക്ക് എടുക്കണം. ഒന്നാം സമ്മാനാർഹമായ നമ്പരിന്റെ അവസാന മൂന്നക്ക നമ്പരിൽ എഴുത്ത് ലോട്ടറിയിൽ വിജയിച്ചയാൾക്ക് സമ്മാനം 5000 രൂപയാണെങ്കിലും അതിൽനിന്ന് മൂന്ന് ശതമാനം കമ്മിഷൻ എടുത്തതിനുശേഷമേ സമ്മാനത്തുക നൽകു.
എല്ലാ സമ്മാനത്തുകകളിൽനിന്നും ഒന്നുമുതൽ മൂന്ന് ശതമാനംവരെ തുക എഴുത്തുലോട്ടറി സംഘങ്ങൾക്കുള്ളതാണ്. ഓരോ പ്രദേശവും കേന്ദ്രീകരിച്ച് എഴുത്ത് ലോട്ടറിക്കായി നിരവധിപേരാണ് പ്രവർത്തിക്കുന്നത്. ഇവരെ നിയന്ത്രിക്കാൻ വേറേയും ആളുകളുണ്ട്. പതിനായിരം രൂപവരെ പ്രതിദിനം എഴുത്തുലോട്ടറി എടുക്കാൻ ചെലവഴിക്കുന്നവരുണ്ട്.