രാത്രിയിൽ അപകടത്തിന് കാരണമാകുന്നരീതിയിൽ വാഹനങ്ങളിൽ അനധികൃത ലൈറ്റുകൾ ഉപയോഗിക്കുന്നവർക്ക് പിഴയിട്ട് മോട്ടോർവാഹനവകുപ്പ്. എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന 'ഓപ്പറേഷൻ ഫോക്കസ്' എന്ന പേരിൽ പ്രത്യേക പരിശോധനയിൽ ജില്ലയിൽ 900 പേർക്കെതിരേ നടപടി സ്വീകരിച്ചു. പത്തുദിവസത്തിനിടെ ഇത്രയുംപേരിൽനിന്ന് 3.49 ലക്ഷം രൂപയാണ് പിഴയീടാക്കിയത്.
രാത്രി എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെയും സബ് ആർ.ടി.ഓഫീസിലെയും ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയോഗിച്ചാണ് പരിശോധന നടത്തിയിരുന്നത്. കൂടുതലും വലിയവാഹനങ്ങളിൽനിന്നാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. 250 മുതൽ 500 രൂപവരെയാണ് ഓരോ നിയമലംഘനത്തിനും പിഴയീടാക്കിയത്.
അനധികൃത ലൈറ്റുകളും മറ്റും സ്ഥാപിച്ച് കേരളത്തിൽനിന്ന് ഗോവയ്‌ക്ക് പോയ ബസ് കത്തി നശിക്കാനിടയായ സംഭവംകൂടി കണക്കിലെടുത്താണ് പരിശോധന നടത്താൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ ആർ.ടി.ഒ.മാരോട് നിർദേശിച്ചിരുന്നത്.
ലൈറ്റില്ലാത്തവരുംകുടുങ്ങി
അമിതമായി ലൈറ്റുകൾ ഉപയോഗിച്ചവർക്ക് പുറമേ ലൈറ്റ് പ്രവർത്തിപ്പിക്കാത്തവരെയും പരിശോധനയിൽ കണ്ടെത്തി. 356 പേർക്കെതിരെയാണ് കൃത്യമായി ലൈറ്റില്ലാതെ വാഹനമോടിച്ചതിന് പിടികൂടിയത്. ഇവരിൽനിന്നായി 89,500 രൂപ പിഴയും ഈടാക്കി
* സ്റ്റോപ്പ് ലൈറ്റില്ലാത്തവർ -120, * ഹെഡ് ലൈറ്റ് പ്രവർത്തിപ്പിക്കാത്തവർ -41, * പാർക്ക് ലൈറ്റ് പ്രവർത്തിപ്പിക്കാത്തവർ -44, * ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കാത്തവർ -48, * നമ്പർലൈറ്റ് പ്രവർത്തിപ്പിക്കാത്തവർ -32