പാലക്കാട്: രാഷ്ട്രീയ കൊലപാതരങ്ങളുടെ പശ്ചാത്തലത്തിൽ വിളിച്ചു ചേർക്കുന്ന സർവകക്ഷി യോഗത്തിൽ പങ്കെടുക്കും.നാട്ടിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ സ്പീക്കർ എന്ന് പ്രോട്ടോകോൾ നോക്കേണ്ടതില്ല. ജനപ്രതിനിധി എന്ന നിലയ്ക്ക് രാഷ്ട്രീയപാർട്ടികളുടെ സർവ്വ കക്ഷി യോഗത്തിൽ പങ്കെടുക്കുമെന്നും എംബി രാജേഷ് വ്യക്തമാക്കി.
സമാധാനയോഗം അതിന്റെ വഴിക്ക് നടക്കും. കേസ് മറ്റൊരു വഴിക്കും മുന്നോട്ടു പോകും. കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ല. സമാധാനയോഗം പ്രശ്നങ്ങൾ പരിഹരിക്കാൻ നിർണായകമാകുമെന്നും എംബി രാജേഷ് പറഞ്ഞു.
സർവകക്ഷി സമാധാന യോഗത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് യോഗത്തിന് അധ്യക്ഷത വഹിക്കുന്ന വെെദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. ഇന്ന് നടക്കുന്ന യോഗത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
പാലക്കാട്ടെ നിലവിലെ സാഹചര്യങ്ങൾ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ട്. പ്രതികൾക്കായുളള അന്വേഷണം ഊർജ്ജിതമാണെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വൈകീട്ട് 3.30ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് ഹാളിലാണ് യോഗം നടക്കുക. യോഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി, എസ്ഡിപിഐ നേതാക്കൾ അറിയിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. സർവ്വകക്ഷി യോഗത്തിൽ പോപ്പുലർ ഫ്രണ്ട് പങ്കെടുക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.