സ്മാർട്ട്ഫോണുകൾ വഴി ചിത്രങ്ങൾ മാത്രമല്ല, ഇപ്പോൾ വീഡിയോകളും റെക്കോഡ് ചെയ്തെടുക്കാനാവും. ഇത്തരത്തിൽ റെക്കോർഡ് ചെയ്തെടുത്ത വീഡിയോയാണ് പെൺകുട്ടികളെ ഭീഷണിപ്പെടുത്താൻ ഉപയോഗിക്കുന്നതെന്ന് പോലീസ് പറയുന്നു.
പെൺകുട്ടികൾക്ക് ഇതേപ്പറ്റി അറിയാമെങ്കിലും അശ്രദ്ധമായി വിടുകയാണെന്നും പറയുന്നു. ഒരാൾ റെക്കോർഡ് ചെയ്യുന്നത് അപ്പുറത്തുള്ളവർക്ക് അറിയാനുമാവില്ല.പല രക്ഷിതാക്കൾക്കും ഇതേപ്പറ്റി അറിവില്ല. റെക്കോഡ് ചെയ്തെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പ്രത്യേകം ഫോൾഡറിലേക്കുമാറ്റി സൂക്ഷിക്കാനുള്ള സൗകര്യങ്ങളും സ്മാർട് ഫോണുകളിലുണ്ട്.
പ്രത്യേക ആപ്ലിക്കേഷനുകൾക്ക് മാത്രമായി രഹസ്യകോഡ് നൽകി പൂട്ടിയിടുമ്പോൾ രക്ഷിതാക്കൾക്ക് ഇവ ശ്രദ്ധിക്കാനുമാവില്ല. ഒരിക്കൽ റെക്കോഡ് ചെയ്ത വീഡിയോ കാട്ടി ഭീഷണിപ്പെടുത്തുകയും തെറ്റ് ആവർത്തിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കയാണെന്ന് കമ്യൂണിറ്റി കൗൺസിലർമാരും പറയുന്നു.
സാമൂഹികമാധ്യമംവഴി പരിചയപ്പെടുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുമായുള്ള വീഡിയോചാറ്റിങ്ങിന്റെ ദൃശ്യങ്ങൾ സ്ക്രീൻ റെക്കോഡ് ചെയ്ത്, ഇതിലെ നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഇന്നലെ യുവാവ് പിടിയിലായി.
കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ജിത്തുരാജാണ് (24) വാളയാർ പോലീസിന്റെ പിടിയിലായത്. സാമൂഹികമാധ്യമംവഴി പരിചയപ്പെട്ട മറ്റൊരു പെൺകുട്ടിയെ കാണാനുള്ള യാത്രയ്ക്കിടെയാണ് ജിത്തുരാജ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു