കൊപ്പത്തെ അവിശ്വാസം: പരസ്പര ആരോപണങ്ങളുമായി മുന്നണികൾ

 

കൊപ്പം: കൊപ്പം ഗ്രാമപ്പഞ്ചായത്തിൽ സി.പി.എമ്മിനെതിരേ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം ബി.ജെ.പി. അംഗത്തിന്റെ പിന്തുണയോടെ വിജയിച്ചതിനെത്തുടർന്ന് പരസ്പര ആരോപണങ്ങളുമായി മുന്നണികൾ. 

അവിശ്വാസ ചർച്ചയുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായാൽ പരിഹരിക്കാൻ, പട്ടാമ്പി സർക്കിൾ ഇൻസ്‌പെകടർ കെ.സി. ബിനു, കൊപ്പം എസ്.ഐ. എം.ബി. രാജേഷ്, പട്ടാമ്പി എസ്.ഐ. ബിന്ദുലാൽ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.

വർഗീയശക്തികളോട് കൂട്ടുകൂടുന്നു-സി.പി.എം.

വർഗീയശക്തികളുമായി കൂട്ടുകൂടാനാണ് യു.ഡി.എഫ്. ശ്രമിക്കുന്നതെന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ. ഉണ്ണിക്കൃഷ്ണൻ, ഏരിയാ സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ, എൻ.പി. വിനയകുമാർ എന്നിവർ ആരോപിച്ചു. ബി.ജെ.പി. മുഖം രക്ഷിക്കാൻവേണ്ടിയാണ് അംഗത്തെ പുറത്താക്കിയതായുള്ള പ്രസ്ഥാവന അറിയിച്ചിരിക്കുന്നത്. അംഗത്തെ അയോഗ്യനാക്കാൻ പാർട്ടി നേതൃത്വം തയ്യാറാകുമോയെന്ന് വ്യക്തമാക്കണം. അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് ബി.ജെ.പി.യും കോൺഗ്രസും നിലപാട് വ്യക്തമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ബി.ജെ.പി.യുമായികൂട്ടുകെട്ടില്ല-യു.ഡി.എഫ്.

പഞ്ചായത്തിൽ യാതൊരുവിധ അവിശുദ്ധ കൂട്ടുകെട്ടും ഉണ്ടായിട്ടില്ലെന്ന് യു.ഡി.എഫ്. നേതാക്കൾ. അവിശ്വാസത്തിന് മുന്നോടിയായി സി.പി.എം. നേതാക്കൾ ബി.ജെ.പി. നേതാക്കളുമായാണ് ചർച്ച നടത്തിയതെന്നും, ഇത് പരാജയപ്പെടുകയാണ് ഉണ്ടായതെന്നും യു.ഡി.എഫ്. നേതാക്കളായ ഇ. മുസ്തഫ, ടി.കെ. ഷുക്കൂർ, എ.പി. രാമദാസ് എന്നിവർ പറഞ്ഞു.

യു.ഡി.എഫ്., ബി.ജെ.പി.യുടെ പിന്തുണയോടെ പഞ്ചായത്തിൽ അധികാരം കൈയാളില്ല. പഞ്ചായത്ത് ഭരണത്തിനെതിരേ പ്രതിഷേധമുള്ള അംഗങ്ങളുടെ പിന്തുണയാണ് സ്വീകരിച്ചത്. ഒന്നരവർഷത്തെ വികസനമുരടിപ്പാണ് പഞ്ചായത്തിൽ ഉണ്ടായതെന്നും ഇതിനെതിരേയാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ച് വിജയിച്ചതെന്നും യു.ഡി.എഫ്. നേതാക്കൾ വ്യക്തമാക്കി.

ഇരുമുന്നണികളുമായുംസഹകരിക്കില്ല-ബി.ജെ.പി.

ഇരുമുന്നണികളോടും ബി.ജെ.പി. സഹകരിക്കില്ലെന്ന് ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് എ.കെ. സുനിൽകുമാർ പറഞ്ഞു. വിപ്പ് ലംഘിച്ച് യു.ഡി.എഫിനോട് സഹകരിച്ച പഞ്ചായത്ത് അംഗത്തെ പാർട്ടിയിൽനിന്ന്‌ പുറത്താക്കിയെന്നും സുനിൽകുമാർ അറിയിച്ചു.

Below Post Ad