പൊന്നാനി : പ്രകൃതിഭംഗി ആസ്വദിച്ചും സൂര്യാസ്തമയം കണ്ടും പുഴയോരത്ത് ഒരു നോമ്പുതുറ. സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെപ്പേർ നോമ്പുതുറക്കാൻ പൊന്നാനിയിൽ എത്തുന്നതിനു കാരണം ഈ അനുഭവംതന്നെ.
സംസ്ഥാനത്തെ ഏറ്റവും നീളംകൂടിയ പുഴുയോര പാതയായ നിളയോരത്തെ കർമ റോഡിലാണ് വൈകുന്നേരങ്ങളിൽ നോമ്പുതുറക്കാൻ കുടുംബസമേതം ആളുകളെത്തുന്നത്.
ചമ്രവട്ടം കടവ് മുതൽ ചാണ വരെയുള്ള ഏഴുകിലോമീറ്റർ ദൂരത്തിലാണ് നോമ്പ് തുറക്കാൻ ആളുകളെത്തിക്കൊണ്ടിരിക്കുന്നത്. നോമ്പ് തുറക്കാനുള്ള പൊരിക്കടികൾ, ഇറച്ചി,പൊറോട്ട അടക്കമുള്ള മറ്റു ഭക്ഷണങ്ങൾ ലഭിക്കുന്ന തട്ടുകടകളും ഹോട്ടലുകളുമുൾപ്പെടെ പതിനഞ്ചോളം കടകളാണ് ഈ പുഴയോര പാതയിലുള്ളത്.
വീട്ടിൽനിന്ന് ഭക്ഷണം തയ്യാർ ചെയ്ത് പുഴയോരത്തിരുന്ന് നോമ്പ് തുറക്കാനെത്തുന്നവരുമുണ്ട്. അയൽ ജില്ലകളിൽനിന്നടക്കം ധാരാളം പേർ ഇവിടെ നോമ്പ് തുറക്കാനെത്തുന്നവരുമുണ്ട്.