ചാലിശ്ശേരി-പെരിങ്ങോട് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യാത്രികർക്ക് പരിക്കേറ്റു. പിലാക്കാട്ടിരി സ്വദേശി ജിതിൻ (29), എടപ്പാൾ സ്വദേശി ശിവദാസ് (60) എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുവരെയും പ്രാഥമികചികിത്സയ്ക്കായി പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈവിരലുകൾക്ക് ഗുരുതരപരിക്കേറ്റ ശിവദാസിനെ ശസ്ത്രക്രിയയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പെരിങ്ങോട്ടുനിന്ന് ചാലിശ്ശേരിയിലേക്ക് പോകുകയായിരുന്നു ജിതിൻ. ചാലിശ്ശേരിയിൽനിന്ന് കോതച്ചിറയിലേക്ക് പോകുകയായിരുന്നു ശിവദാസ്.
ചാലിശ്ശേരി-പെരിങ്ങോട് റോഡിൽ രണ്ടാഴ്ചമുമ്പും ബൈക്കുകൾ കൂട്ടിമുട്ടി യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിരുന്നു.
റബ്ബറൈസ് ചെയ്ത് നവീകരിച്ച ചാലിശ്ശേരി-പെരിങ്ങോട് പാതയിലൂടെ ഇരുചക്രവാഹനങ്ങളും ഭാരവാഹനങ്ങളും അമിതവേഗത്തിൽ സഞ്ചരിക്കുന്നത് വഴിയാത്രക്കാർക്കും സ്കൂൾ വിദ്യാർഥികൾക്കും ഭീതിയുണ്ടാക്കുന്നുണ്ട്.