പട്ടാമ്പി: മണിക്കൂറിൽ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാനപാതയിലെ യാത്രക്കാർ കഴിഞ്ഞ കുറച്ചുദിവസമായി ദുരിതത്തിലാണ്. പട്ടാമ്പി പാലം മുതൽ ഞാങ്ങാട്ടിരിവരെയുള്ള ഒരുകിലോമീറ്ററോളം ഭാഗം നവീകരിക്കുന്നതിന്റെ ഭാഗമായുള്ള ഗതാഗതതടസ്സമാണ് യാത്രക്കാരെ വലയ്ക്കുന്നത്.
പട്ടാമ്പി പാലം അടച്ചാൽ യാത്രക്കാർക്ക് ഗുരുവായൂർ റോഡിലെത്താനും പാലക്കാട് റോഡിലെത്താനും കിലോമീറ്ററുകളോളം ചുറ്റിത്തിരിയണം. ആംബുലൻസടക്കം കടന്നുപോകണമെങ്കിൽ മറ്റുവഴികളില്ല. ഈ സാഹചര്യത്തിലാണ് കൊടുമുണ്ട-വി.കെ. കടവ് പാലത്തിന് പ്രസക്തിയേറുന്നത്.
ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പുതിയപാലത്തിന് സാധ്യതാപഠനം ഇതിനോടകം തുടങ്ങിയിട്ടുണ്ട്. നിലവിൽ പട്ടാമ്പി പാലം കഴിഞ്ഞാൽ ഭാരതപ്പുഴ മുറിച്ചുകടക്കാൻ തൃത്താലയിലെ വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിലെത്തണം. ഇപ്പുറത്താണെങ്കിൽ ഷൊർണൂർ കടക്കുകയും വേണം. കൊടുമുണ്ട വി.കെ. കടവ് പാലം യാഥാർഥ്യമായാൽ തൃത്താല മേഖലയിൽനിന്നുവരുന്ന വാഹനങ്ങൾക്ക് കൊടുമുണ്ടയിലെത്തി തൃത്താലകൊപ്പം വഴി പെരിന്തൽമണ്ണ, വളാഞ്ചേരി ഭാഗങ്ങളിലേക്കും പാലക്കാട് റൂട്ടിലുള്ളവർക്ക് വി.കെ. കടവിലെത്തി കൂറ്റനാട് റോഡിലേക്കും യാത്ര സുഖകരമാക്കാം. നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചുവിടാനും പുതിയപാലം സഹായകരമാവും.
പ്രളയത്തിൽ പട്ടാമ്പി പാലം കവിഞ്ഞ് പുഴയൊഴുകിയപ്പോൾ ഇരുഭാഗത്തെയും ഗതാഗതം ദിവസങ്ങളോളം സ്തംഭിച്ചിരുന്നു. തൃത്താല-പട്ടാമ്പി മേഖലകൾക്കിടയിൽ വെള്ളിയാങ്കല്ലിലും പട്ടാമ്പിയിലും മാത്രമാണ് പാലമുള്ളത്.
സാധ്യതാപഠനത്തിന് മുന്നോടിയായി മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ.യും ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പധികൃതരും കഴിഞ്ഞ ജനുവരിയിൽ നിർദിഷ്ട പദ്ധതിപ്രദേശം സന്ദർശിച്ചിരുന്നു.
മണ്ണുപരിശോധന, സ്ഥലമേറ്റെടുക്കൽ തുടങ്ങിയ നടപടികളും വേഗത്തിലാക്കേണ്ടതുണ്ട്. പാലം പണിയാൻ ഉദ്ദേശിക്കുന്ന ഭാഗം പഴയകടവാണ്. കൊടുമുണ്ടയിൽനിന്ന് പുഴ വഴി തൃത്താലയിലെത്തി വ്യാപാരാവശ്യങ്ങൾ നടത്തിയിരുന്നതായും പഴമക്കാർ പറയുന്നു.
പട്ടാമ്പിയിൽ പുതിയപാലത്തിന്റെ നടപടികൾ പൂർത്തിയായിവരികയാണ്. ഇതോടൊപ്പം മറ്റൊരുപാലത്തിനുംകൂടി സാധ്യതകൾ ഉയർന്നുവരുന്നത് യാത്രക്കാർക്ക് പ്രതീക്ഷനൽകുന്നു.