കണ്ടക്ടറും കിളിയുമില്ലാത്ത സ്മാർട്ട് ബസ് സർവീസിന് തുടക്കമായി



കണ്ടക്ടറും കിളിയുമില്ലാത്ത സ്മാർട്ട് ബസ് സർവീസ് തുടക്കമായി .ഇതിൽ യാത്രക്കാരിൽനിന്ന് പണംവാങ്ങാൻ കണ്ടക്ടറുണ്ടാകില്ല. പകരം ബസിന്റെ മുന്നിലും പിന്നിലും മധ്യത്തിലുമായി വെച്ചിട്ടുള്ള പെട്ടികളിൽ യാത്രക്കൂലി നിക്ഷേപിക്കണമെന്ന അനൗൺസ്‌മെന്റ് ഇടയ്ക്കിടെ കേൾക്കാം. ആളുകളെ നിയന്ത്രിച്ച് കയറ്റാനും ഇറക്കാനും ‘കിളി’യുമുണ്ടാകില്ല. ഓട്ടോമാറ്റിക് ഡോർ, ഡ്രൈവർ നിയന്ത്രിക്കും. തീർന്നില്ല, പ്രത്യേകത. ഈ ബസിൽ ഡീസലിനുപകരം പ്രകൃതിവാതകമാണ് ഉപയോഗിക്കുന്നത്.

പാലക്കാട് ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലൊരു ബസ് സർവീസ് ആരംഭിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് തൃശ്ശൂർ-പാലക്കാട് റൂട്ടിൽ എ.സി. ബസ് സർവീസ് ആരംഭിച്ച കാടൻകാവിൽ തോമസ്‌മാത്യു തന്നെയാണ് പുതിയ പരീക്ഷണത്തിനും തുടക്കമിടുന്നത്. കാടൻകാവിൽ എന്നാണ് ബസിന്റെ പേര്. വടക്കഞ്ചേരിയിൽനിന്നാരംഭിച്ച് നെല്ലിയാംപാടം, തെന്നിലാപുരം, ഇരട്ടക്കുളം തുടങ്ങിയ ഗ്രാമീണവഴികളിലൂടെ ആലത്തൂർവരെ പോകുന്നതാണ് സർവീസ്. ഒരുദിവസം ഏഴ് ട്രിപ്പുകളിലായി 270 കിലോമീറ്റർ ഓട്ടം.

തിങ്കളാഴ്ചമുതൽ രാവിലെ 6.45-ന് സർവീസ് ആരംഭിക്കും. 7.30-ന് വടക്കഞ്ചേരിയിൽ അവസാനിക്കും. പ്രകൃതിവാതകമായതിനാൽ എൻജിൻശബ്ദത്തിന്റെ അസ്വസ്ഥതകളില്ലാതെ യാത്രചെയ്യാം.

ബസ്ചാർജ് പെട്ടിയിൽ നിക്ഷേപിക്കുന്നതിനുപകരം ഗൂഗിൾപേ ചെയ്യാനും സൗകര്യമുണ്ട്. യാത്രക്കാർതന്നെ തുക കണക്കാക്കി നിക്ഷേപിക്കണം. പതിവുയാത്രക്കാരായതിനാൽ എല്ലാവർക്കും തുക നിശ്ചയമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് തോമസ്‌മാത്യു പറഞ്ഞു. ഫെയർസ്റ്റേജ് പ്രകാരം നിരക്ക് പ്രദർശിപ്പിക്കയും ചെയ്യും.

എല്ലാം നിരീക്ഷിക്കുന്നതിനായി ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. ഒരുലിറ്റർ ഡീസലിന് നാലു കിലോമീറ്റർ മൈലേജാണ് കിട്ടുന്നത്. പ്രകൃതിവാതകത്തിന് ആറുകിലോമീറ്റർ കിട്ടുമെന്നാണ് കണക്കാക്കുന്നത്. ഒരുലിറ്റർ ഡീസലിന് 102 രൂപയും ഒരു കിലോ പ്രകൃതിവാതകത്തിന് 82 രൂപയുമാണ് ഇപ്പോഴത്തെ വില. വാഹനനിർമാതക്കളായ ടാറ്റയാണ് ബസ് ഇറക്കിയത്.

പി.പി. സുമോദ് എം.എൽ.എ., ബസ് സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു. ആരെങ്കിലും ബസ്ചാർജ് പെട്ടിയിലിടാതെ ഇറങ്ങിപ്പോയാൽ എന്തുചെയ്യുമെന്ന ചോദ്യത്തിന് യാത്രക്കാരിൽ തനിക്ക് വിശ്വാസമുണ്ടെന്നാണ് തോമസ് മാത്യുവിന്റെ പുഞ്ചിരിയോടെയുള്ള മറുപടി.

Tags

Below Post Ad