ചുട്ടുപൊള്ളുന്ന ചൂടിൽ ഒരു നാരങ്ങസോഡ കുടിക്കാമെന്നുവെച്ചാൽ അവിടെയും പൊള്ളും. ചെറുനാരങ്ങയ്ക്ക് വില വർധിച്ചതോടെ നാരങ്ങസോഡയ്ക്കും സർബത്തിനും വില കൂട്ടാതെ പറ്റില്ലെന്ന സ്ഥിതിയിലാണ് കച്ചവടക്കാർ.
രണ്ടുമാസംമുമ്പ് ചില്ലറവിപണിയിൽ രണ്ടരക്കിലോയ്ക്ക് 100 രൂപ വിലയുണ്ടായിരുന്ന നാരങ്ങയ്ക്ക് ഇപ്പോൾ ഒരുകിലോയ്ക്ക് 200 രൂപയാണ്. ഇതോടെ നാരങ്ങസോഡയ്ക്ക് രണ്ടുരൂപമുതൽ അഞ്ചുരൂപവരെ പലരും വില വർധിപ്പിച്ചു. ചിലർ നഷ്ടംസഹിച്ചും പഴയവിലയ്ക്ക് നൽകുമ്പോൾ മറ്റു ചിലർ തത്കാലത്തേക്ക് നാരങ്ങസോഡ വിൽക്കേണ്ടെന്ന നിലപാടിലാണ്.
ആന്ധ്രാപ്രദേശിൽനിന്നാണ് കൂടുതലായും നാരങ്ങ സംസ്ഥാനത്തേക്കെത്തുന്നത്. ഒപ്പം തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തുനിന്നുമെത്തുന്നുണ്ട്. വേനൽക്കാലത്ത് നാരങ്ങയ്ക്ക് വില കൂടാറുണ്ട്. എന്നാൽ, ഇത്രത്തോളം വിലകൂടുന്നത് അപൂർവമാണ്.
ഇത്തവണ റംസാൻകൂടിയെത്തിയതോടെയാണ് മൊത്തക്കച്ചവട വിപണിയിൽ വില ഉയർന്നത്. ആന്ധ്രയിൽ മഴയിൽ കൃഷിനാശമുണ്ടായതും വിലവർധനയ്ക്ക് കാരണമായതായി കച്ചവടക്കാർ പറയുന്നു.