ഈ വർഷം ഹജ്ജിന് പത്ത് ലക്ഷം പേർക്ക് അനുമതി I K NEWS


 
ജിദ്ദ: ഈ വർഷത്തെ ഹജ്ജിന് രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി പത്ത് ലക്ഷം പേർക്ക് അനുമതി നൽകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഓരോ രാജ്യക്കാർക്കുമുള്ള ക്വാട്ട പിന്നീട് നിശ്ചയിക്കും. ഇന്ത്യക്കാർക്കുള്ള  ക്വാട്ടയും ഉടൻ തീരുമാനിക്കും .കോവിഡ് മഹാമാരിയിൽ നിന്നും രാജ്യം കൈവരിച്ച ആരോഗ്യ നേട്ടങ്ങൾ കണക്കിലെടുത്താണ് തീരുമാനം.

65 വയസ്സിൽ താഴെയുള്ളവർക്ക് മാത്രമായിരിക്കും ഹജ്ജിന് അനുമതി നൽകുക. സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിൻ ഡോസുകൾ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും ഹജ്ജിന് അനുമതി.

രാജ്യത്തിന് പുറത്ത് നിന്ന് ഹജ്ജിന് എത്തുന്നവർ സൗദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.

തീർത്ഥാടകരുടെയും മറ്റും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നും തീർത്ഥാടകർ അവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി മുൻകരുതൽ നടപടികളും നിർദേശങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകത ഹജ്ജ്, ഉംറ മന്ത്രാലയം ഊന്നിപ്പറഞ്ഞു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷത്തോളമായി ഹജ്ജിന് സൗദിക്കകത്ത് നിന്നും പരിമിതമായ ആളുകൾക്ക് മാത്രമായിരുന്നു അനുമതി ഉണ്ടായിരുന്നത്. മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് രാജ്യത്തിന് പുറത്തുനിന്നുള്ള തീർത്ഥാടകർക്ക് അനുമതി നൽകുന്നത്. 

Below Post Ad