തൃശൂര്‍: പാടത്ത് കളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പ്ലസ് ടു വിദ്യാർത്ഥികളായ വട്ടംകുളം സ്വദേശി ഷാഹുല്‍ (16), പൊറത്തൂര്‍ സ്വദേശി ശ്രീഹരി (12) എന്നിവരാണ് മരിച്ചത്.
വെള്ളത്തില്‍ വീണ മറ്റു രണ്ടുപേരെ രക്ഷപ്പെടുത്തി. തോളൂര്‍ മുള്ളൂരില്‍ പാടത്താണ് സംഭവം. ഇന്നലെ ഉച്ചക്ക് കളിക്കാനിറങ്ങിയ സമയത്താണ് അപകടം ഉണ്ടായത്.
പാടത്തിനോടു ചേർന്ന രണ്ടാൾ പൊക്കത്തിൽ വെള്ളമുണ്ടായിരുന്ന ചാലിലായിരുന്നു അപകടം. കാൽവഴുതി വീണ ശ്രീഹരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷാഹുലും അപകടത്തിൽപെടുകയായിരുന്നു. കരയിലുണ്ടായിരുന്ന മറ്റൊരു കുട്ടി വീട്ടിലെത്തി പറഞ്ഞതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തി.അഗ്നിരക്ഷാ സേനയും പേരാമംഗലം പൊലീസും എത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. അമല ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.
ശ്രീഹരി ഏഴാം ക്ലാസ് വിദ്യാർഥിയും ഷാഹുൽ സുജിത്ത് സ്വകാര്യ സ്ഥാപനത്തിൽ കംപ്യൂട്ടർ ഡിപ്ലോമ വിദ്യാർഥിയുമാണ്. കഴിഞ്ഞ ദിവസം ഐനിക്കാട് പൂരത്തിന് ബന്ധുവീട്ടിൽ വിരുന്നിന് എത്തിയവരാണ് ഇരുവരും. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് വീട്ടിൽ നിന്നും 300 മീറ്റർ അകലെയായിരുന്നു അപകടം. പാടത്ത് സ്ലൂസ് നിർമാണത്തിനായി കെഎൽഡിസി കനാലിൽ നിന്നുള്ള വെള്ളം ബണ്ട് കെട്ടി തടഞ്ഞിരുന്നു.
ഏതാനും ദിവസം മുൻപ് കഴ പൊട്ടി വെള്ളം തള്ളിയതാണ് ചാലിൽ ഇത്രയും വെള്ളം ഉയരാൻ കാരണം.