സന്തോഷ് ട്രോഫി ഫൈനലില്‍ ജയിച്ചാല്‍ കേരള ടീമിന് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനവുമായി പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വപ്നം കാണുന്ന കേരളാടീമിന് പ്രോത്സാഹനമായാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
കേരളവും ബംഗാളും തമ്മിലുള്ള ഫൈനല്‍ മത്സരം തിങ്കളാഴ്ച വൈകിട്ട് നടക്കാനിരിക്കെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. പ്രമുഖ പ്രവാസി സംരംഭകനായ ഡോ. ഷംഷീര്‍ വയലില്‍ വി.പി.എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. പ്രമുഖ പ്രവാസി എം ഇ യൂസഫലിയുടെ മകളുടെ ഭർത്താവുമാണ്
രാത്രി എട്ടുമണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ആണ് മത്സരം. സ്വന്തം മണ്ണിൽ ഏഴാം കിരീടം കൊതിക്കുന്ന കേരളവും മുപ്പത്തി മൂന്നാം തവണയും കിരീടത്തിൽ മുത്തമിടാൻ തയ്യാറെടുക്കുന്ന ബംഗാളും. കണക്കുകൾക്ക് ഇടമില്ലാത്ത കലാശ പോരിൽ ഫലം അപ്രവചനീയം. ജസിന്റെ മായാജാലത്തിൽ കർണാടകയെ തകർത്താണ് കേരളം ഫൈനലിൽ എത്തിയത്. മണിപ്പൂരിന് മണി കെട്ടിയാണ് ബംഗാളിന്റെ വരവ്. ഗോൾ അടിച്ചു കൂട്ടിയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ആണ് കേരളം. ടൂർണമെന്റ്ലെ തന്നെ മികച്ച മധ്യനിരയാണ് കേരളത്തിന്റേത്.
എന്നാൽ സെമിയിൽ മൂന്ന് ഗോളുകൾ വഴങ്ങിയത് തിരിച്ചടിയാണ്. വ്യത്യസ്ത താരങ്ങൾ ഗോൾ നേടുന്നതാണ് ബംഗാളിന്റെ കരുത്ത്. കായികക്ഷമതയിലും കേരളത്തിന് ഒത്ത എതിരാളികളാണ് ബംഗാൾ. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ജസിന്റെയും നൗഫലിന്റെയും ഗോളിൽ കേരളം ജയിച്ചിരുന്നു.