അഹ്മദാബാദ്: പ്രഥമ സീസണിൽ തന്നെ ഐ.പി.എൽ കിരീടത്തിൽ മുത്തമിട്ട് ഗുജറാത്ത് ടൈറ്റൻസ്. ഫൈനലിൽ രാജസ്ഥാൻ റോയൽസിനെ ഏഴു വിക്കറ്റിനാണ് ഗുജറാത്ത് തോൽപിച്ചത്.
ആദ്യം ബാറ്റ് ചെയ്ത രജസ്ഥാൻ 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 130 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 18.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തു. ഓപ്പണർ ശുഭ്മാൻ ഗിൽ (43 പന്തിൽ 3 ഫോർ അടക്കം 45), ഡേവിഡ് മില്ലർ (19 പന്തിൽ മൂന്നു ഫോറും ഒരു സിക്സും അടക്കം 32 റൺസ്) എന്നിവരാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്.
ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ 28 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം 32 റൺസെടുത്തു. വൃദ്ധിമാൻ സാഹ (ഏഴ് പന്തിൽ ഒരു ഫോർ അടക്കം അഞ്ച് റൺസ്), മാത്യു വെയ്ഡിനെ (10 പന്തിൽ എട്ട്) എന്നിവരാണ് ഗുജറാത്ത് നിരയിൽ പുറത്തായ മറ്റു താരങ്ങൾ. നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസിന്റെ ബാറ്റർമാർ കാര്യമായൊന്നും ചെയ്യാതെ കൂടാരം കയറിയതോടെ സ്കോർ 20 ഓവറിൽ ഒമ്പതിന് 130ലൊതുങ്ങുകയായിരുന്നു. 35 പന്തിൽ അഞ്ച് ബൗണ്ടറികളോടെ 39 റൺസടിച്ച ജോസ് ബട് ലറാണ് ടോപ് സ്കോറർ.
ഗുജറാത്ത് ബൗളർമാരിൽ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇത്രയും ഓവറിൽ റാഷിദ് ഖാൻ വിട്ടു കൊടുത്തത് 18 റൺസ് മാത്രം. സായ് കിഷോർ രണ്ടും റാഷിദ്, മുഹമ്മദ് ഷമി, യാശ് ദയാൽ എന്നിവർ ഓരോ വിക്കറ്റുമെടുത്തു.