കപ്പൂർ, ആനക്കര, ചാലിശ്ശേരി, പട്ടിത്തറ പഞ്ചായത്തുകളിൽ തെരുവുനായ ശല്യം വർധിക്കുന്നു. ഇതിനോടകം ഒട്ടേറെ കാൽനടയാത്രക്കാർക്കും വളർത്തുമൃഗങ്ങൾക്കും തെരുവുനായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. ദിവസങ്ങൾക്കുമുമ്പ് ആനക്കര പള്ളിയാലിൽ അബൂബക്കർ (73), മുണ്ട്രക്കോട് കുഞ്ഞുകുട്ടൻ (53) എന്നിവർക്ക് കടിയേറ്റ് സാരമായി പരിക്കേറ്റിരുന്നു.
കുമ്പിടിയിൽ തെരുവുനായ കുറുകെച്ചാടി ഓട്ടോറിക്ഷ തലകീഴായിമറിഞ്ഞ് ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേൽക്കുന്ന സംഭവവുമുണ്ടായി. കുമ്പിടിയിൽ ബൈക്കിന് കുറുകെ തെരുവുനായ ചാടി പെരുമ്പലം സ്വദേശിയായ ഒരു യുവാവിന് തലയ്ക്ക് പരിക്കേറ്റിരുന്നു.
ചാലിശ്ശേരി, കപ്പൂർ പഞ്ചായത്തുകളിലും നിരവധിപേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. കപ്പൂർപഞ്ചായത്തിലെ നീലിയാട്, കുമരനല്ലൂർ, പറക്കുളം എന്നിവിടങ്ങളിലും ആനക്കര പഞ്ചായത്തിലെ കുമ്പിടി, ആനക്കര, കൂടല്ലൂർ എന്നിവിടങ്ങളിലുമാണ് അതിരൂക്ഷ സാഹചര്യം. അടുത്തിടെയായി നായ്ക്കൾ വളർത്തുമൃഗങ്ങളെ കടിച്ചുകൊല്ലുന്നതിനും വഴിയാത്രക്കാരെ ആക്രമിക്കുന്നതിനും കണക്കില്ലെന്നാണ് നാട്ടുകാരുടെ പരാതി. കൂട്ടത്തോടെയെത്തുന്ന ഇവയുടെ ആക്രമണത്തിൽനിന്നും പലരും കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്.
ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നവരും നായ്ക്കൂട്ടങ്ങളെ കണ്ടാൽ കരുതലോടെ കടന്നു പോയില്ലെങ്കിൽ അപകടമുറപ്പാണ്. വർധിച്ചുവരുന്ന തെരുവുനായശല്യം തടയാനാവശ്യമായ നടപടി സർക്കാർതലത്തിൽ ഉണ്ടാകണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നായ്ക്കളെ പിടികൂടാനുള്ള അനുമതി നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.