യാംബു: പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന യാംബുവിലെ സാമൂഹിക സന്നദ്ധ മേഖലയിൽ നിറസാന്നിധ്യമായിരുന്ന അബൂബക്കർ മേഴത്തൂരിനും രാജൻ നമ്പ്യാർക്കും യാംബു മലയാളി അസോസിയേഷൻ (വൈ.എം.എ) യാത്രയയപ്പ് നൽകി.
മൂന്നു പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന പാലക്കാട് പട്ടാമ്പി സ്വദേശി അബൂബക്കർ മേഴത്തൂർ നീണ്ടകാലം വൈ.എം.എയുടെ പ്രസിഡന്‍റായിരുന്നു. നാലര പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന തൃശൂർ കേച്ചേരി സ്വദേശി രാജൻ നമ്പ്യാർ വൈ.എം.എക്ക് കീഴിൽ നിർധന രോഗികളെ സഹായിക്കാൻ രൂപവത്കരിച്ച ‘നന്മ യാംബു’വിന്‍റെ പ്രഥമ കൺവീനറായിരുന്നു.
നാട്ടിലെ സന്നദ്ധ സംഘങ്ങൾക്ക് അഞ്ച് ഡയാലിസിസ് മെഷീനുകൾ സംഭാവന ചെയ്യാനും നാട്ടിലെ വൃക്കരോഗികളെയും അർബുദരോഗികളെയും സഹായിക്കാനും വൈ.എം.എ ചെയ്യുന്ന സേവന പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ചവരായിരുന്നു ഇരുവരും. യാംബു ടൗൺ നോവ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വൈ.എം.എ പ്രസിഡന്‍റ് സലിം വേങ്ങര അധ്യക്ഷത വഹിച്ചു.
നാസർ നടുവിൽ, സിദ്ദീഖുൽ അക്ബർ, ജാബിർ വാണിയമ്പലം, നിയാസ് പുത്തൂർ, അനീസുദ്ദീൻ ചെറുകുളമ്പ്, അസ്‌കർ വണ്ടൂർ, യാസിർ കൊന്നോല, സ്‌കറിയ വർഗീസ് എന്നിവർ സംസാരിച്ചു. വൈ.എം.എ ജനറൽ സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി സ്വാഗതവും നന്മ യാംബു കൺവീനർ അജോ ജോർജ് നന്ദിയും പറഞ്ഞു. അബൂബക്കർ മേഴത്തൂർ, രാജൻ നമ്പ്യാർ എന്നിവർ മറുപടി പ്രസംഗം നടത്തി.