തൃത്താല: ഇടവപ്പാതി മഴ ശക്തമാവാത്തതിനാൽ തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ ഷട്ടറുകൾ താഴ്ത്തി.
മേയ് ഒടുവിൽ മഴ ശക്തമായിലഭിച്ച സമയത്ത് ഷട്ടറുകൾ തുറന്നിട്ടിരുന്നെങ്കിലും പിന്നീട് മഴയുടെ അളവ് കുറഞ്ഞതോടെ താഴ്ത്തുകയായിരുന്നു. വെള്ളിയാങ്കല്ല് തടയണയിൽ ജലനിരപ്പ് താഴ്ന്നാൽ പട്ടാമ്പിവരെയുള്ള കുടിവെള്ള പദ്ധതികളുടെ പമ്പിങ് അവതാളത്തിലാവും.
2018-ലെയും 2019-ലെയും പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച ഷട്ടറുകൾ നിലവിൽ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. ഒലിച്ചുപോയ ഒരു ഷട്ടറിനുപകരം പുതിയത് സ്ഥാപിക്കുകയും ചെയ്തു. മഴ ശക്തമായാൽ ഷട്ടറുകൾ ഉയർത്തും. നിലവിൽ ഒന്നരമീറ്ററാണ് തടയണയിലെ ജലനിരപ്പ്. ഇടവിട്ട് മഴ ലഭിച്ചതിനാൽ ഇക്കുറി വേനലിൽ മുഴുവനായി വെള്ളിയാങ്കല്ലിൽ ജലനിരപ്പുണ്ടായിരുന്നു.
മുടങ്ങാതെ പമ്പിങ് നടത്താനും സാധിച്ചു. കഴിഞ്ഞവർഷംവരെ കടുത്തവേനലിൽ മലമ്പുഴ വെള്ളമാണ് മേഖലയിലെ പമ്പിങ്ങിന് ആശ്രയമായിരുന്നത്. ഇക്കുറി വേനൽമഴ ലഭിച്ചതിനാൽ തടയണയിൽ വെള്ളമുണ്ടായിരുന്നു. തടയണയുടെ ഇരുഭാഗത്തും സംരക്ഷണഭിത്തി നിർമാണവും പൂർത്തിയാക്കിയിട്ടുണ്ട്. വെള്ളിയാങ്കല്ല് പൈതൃക പാർക്കിന്റെ താഴെയായി കരിങ്കല്ലുകൊണ്ട് കെട്ടിയുയർത്തി സുരക്ഷ കൂട്ടിയിട്ടുണ്ട്.
അതേസമയം, റഗുലേറ്ററിന്റെ ഏപ്രണുകളടക്കം മാറ്റേണ്ടതുണ്ട്. ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിനായുള്ള നടപടികളായിട്ടില്ല.