ദുബൈ: സുഖമില്ലാത്ത അനുജനുവേണ്ടി നാട്ടിൽനിന്ന് വാങ്ങിയ ഗുളികകളുമായിട്ടായിരുന്നു പാലക്കാട് ചെർപ്പുളശേരി സ്വദേശി നൗഫലിന്റെ അൽഐൻ യാത്ര. ഒരുവർഷം വരെയുള്ള ഗുളികകൾ കൊണ്ടുപോകാമെന്ന് മെഡിക്കൽ ഷോപ്പുകാർ അറിയിച്ചതനുസരിച്ച് 289 ഉറക്ക ഗുളികകളാണ് വാങ്ങിയത്.
എന്നാൽ, എല്ലാം കീഴ്മേൽ മറിഞ്ഞത് പെട്ടെന്നായിരുന്നു. അൽഐൻ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ നടത്തിയ പരിശോധനയിൽ ഗുളിക കണ്ടെത്തി കേസെടുത്തു. എണ്ണം കൂടിയതാണ് പ്രശ്നമായത്.
ഇതിന്റെ പേരിൽ 90 ദിവസമാണ് ഈ യുവാവ് ജയിലിൽ കിടന്നത്. കനത്ത പിഴ ചുമത്തിയിരുന്നെങ്കിലും സത്യാവസ്ഥ ബോധ്യപ്പെട്ടതോടെ കോടതി ഇത് ഒഴിവാക്കി കൊടുത്തു.
മാർച്ച് പത്തിനാണ് സംഭവം. അബൂദബിയിൽ ആർക്കിടെക്ടായ നൗഫലും അനുജനും ഒരുമിച്ചായിരുന്നു യാത്രയെങ്കിലും നൗഫലിന്റെ ബാഗിലാണ് ഗുളിക വെച്ചിരുന്നത്. വിമാനത്താവളത്തിൽ പിടിയിലായപ്പോൾ, ഈ ഗുളികക്ക് യു.എ.ഇയിൽ നിയന്ത്രണമുണ്ടെന്നും ചെറിയ അളവായിരുന്നെങ്കിൽ കുഴപ്പമില്ലെന്നുമായിരുന്നുവെന്നും അധികൃതർ പറഞ്ഞപ്പോഴാണ് നൗഫൽ അബദ്ധം തിരിച്ചറിയുന്നത്.
വിമാനത്താവളത്തിൽനിന്ന് നൗഫലിനെ ജയിലിലേക്ക് മാറ്റി. ഒരാഴ്ച റിമാൻഡ് ചെയ്തു. പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കിയെങ്കിലും ഗുളികയുടെ എണ്ണം കൂടുതലായതിനാൽ 20,000 ദിർഹം പിഴയും നാടുകടത്തലും വിധിച്ചു. ഇതേതുടർന്ന് അഡ്വ. പി.എ. ഹക്കീം വഴി അപ്പീൽ നൽകി.
നൗഫലിന്റെ അനുജനെയും വിളിച്ചുവരുത്തി വിവരം അന്വേഷിച്ച കോടതി നൗഫൽ കുറ്റക്കാരനല്ലെന്ന് വിധിച്ചു. നൗഫലിന്റെ അവസ്ഥ മനസ്സിലാക്കിയതിനാൽ സൗജന്യമായാണ് അഡ്വ. പി.എ. ഹക്കീം കേസ് ഏറ്റെടുത്തത്. അബൂദബിയിലെ അഭിഭാഷകനായ അൻസാരി വഴി ഏർപെടുത്തിയ സ്വദേശിയായ അഭിഭാഷകനാണ് കോടതിയിൽ നൗഫലിനായി ഹാജരായത്. 90 ദിവസത്തിനുശേഷം കഴിഞ്ഞ ദിവസം നൗഫൽ ജയിലിൽനിന്ന് പുറത്തിറങ്ങി.
സമാനമായ സംഭവങ്ങളിൽ നിരപരാധികൾ ജയിലിലാകുന്നത് പതിവാണ്. അറിവില്ലായ്മകൊണ്ടും അശ്രദ്ധ കൊണ്ടുമാണ് ഇത് സംഭവിക്കുന്നത്. കൂടുതൽ അളവിൽ ഗൾഫിലേക്ക് മരുന്ന് കൊണ്ടുപോകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.