25 കോടിയുടെ തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറി വില്പന ഇന്ന് മുതല്‍


 

പാലക്കാട് ജില്ലയില്‍ 25 കോടിയുടെ തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറി വില്പന ഇന്ന് മുതല്‍ നടക്കും.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍് തിരുവോണം ബംബര്‍ 2022 ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില്പനയുടെ  ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിച്ചു.വില്‍പനോഘാടനത്തിന്റെ ഭാഗമായി ലോട്ടറി ഏജറ്റായ വിനീഷിന്  ടിക്കറ്റ് കൈമാറി.നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ബി. സുഭാഷ് അധ്യക്ഷനായി.ജീവിതത്തില്‍ പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്കും ലോട്ടറി മേഖലയിലെ തൊഴിലാളികള്‍ക്കും കരുതലും താങ്ങുമായാണ്  സംസ്ഥാന സര്‍ക്കാര്‍  തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു .ശാരീരിക പ്രയാസങ്ങള്‍ നേരിടുന്നവരും സ്ത്രീകളുമടക്കം നിരവധിപേരുടെ ഉപജീവനമാര്‍ഗമാണ് ലോട്ടറി മേഖല. ലോട്ടറി മേഖലയുടെ വളര്‍ച്ചയിലൂടെ സാധാരണക്കാരനും സര്‍ക്കാരിനും വരുമാന സാധ്യത ഉണ്ടാവുകയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറി 2022 എത്തുന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം. ഒരു കോടി വീതം പത്ത് പേര്‍ക്ക് മൂന്നാം സമ്മാനമായി ലഭിക്കും. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് രണ്ടര കോടി രൂപ കമ്മീഷനായി ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ. കെ ഉണ്ണികൃഷ്ണന്  ടിക്കറ്റ് നല്‍കി ടിക്കറ്റിന്റെ പ്രകാശനം നിര്‍വഹിച്ചു.
ചുമതലപ്പെട്ട വകുപ്പ് എന്ന നിലയില്‍ എല്ലാത്തരം പ്രചാരണ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമായി നടത്തുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.  ലോട്ടറി വില്പന ഉപജീവനമാക്കിയ ഒരു വലിയ വിഭാഗം പേര്‍ക്ക് ഉപകാരപ്രദമാകുന്നത് പ്രസ്തുത ടിക്കറ്റിന്റെ പ്രചാരണത്തിന് ഊര്‍ജ്ജം നല്‍കുന്നതായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കൂട്ടിചേര്‍ത്തു. ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 25 കോടിയുടെ സമ്മാനത്തുകയാണെന്നും അവസരം വിട്ടുകളയാതെ  പ്രയോജനപ്പെടുത്തണമെന്നും ജില്ലാ ഇന്‍ഫര്‍മേഷന്‍  ഓഫീസര്‍ പറഞ്ഞു.

ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ. എസ് ഷാഹിത, ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്‌സ് ഫെഡറേഷന്‍ ( സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് കെ. ജെ സുരേഷ് ബാബു,  ആള്‍  കേരള ലോട്ടറി ട്രെഡേഴ്‌സ് യൂണിയന്‍ (എ. ഐ.ടി.യു.സി )ജില്ലാ സെക്രട്ടറി സി.ബാബു, ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്‌സ് സംഘ് ജില്ലാ ജനറല്‍ സെക്രട്ടറി  അമര്‍നാഥ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ആര്‍.ജയ്സിങ്  എന്നിവര്‍ സംസാരിച്ചു.


Tags

Below Post Ad