തൃത്താലയിലെ വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറക്കാത്തത് സംബന്ധിച്ച് അനാവശ്യ ഭീതി പരത്തുന്ന വിധം സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഭയപ്പെടേണ്ടതായ ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും സ്പീക്കർ എം.ബി.രാജേഷ് അറിയിച്ചു.എം.ബി രാജേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
തൃത്താലയിലെ വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറക്കാത്തത് സംബന്ധിച്ച് അനാവശ്യ ഭീതി പരത്തുന്ന വിധം സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നത് ശ്രദ്ധയിൽ പെട്ടു. ചില ഓഫ്‌ലൈൻ മാധ്യമങ്ങളും ഇത് വാർത്തയാക്കിയിട്ടുണ്ട്.
വെള്ളിയാങ്കല്ല് റെഗുലേറ്ററിൽ ആകെ 27 ഷട്ടറുകൾ ആണുള്ളത്. ഇവയിൽ മൂന്നെണ്ണം ഒഴികെ 24 ഷട്ടറുകളും തുറന്ന് വെള്ളത്തിന്റെ ഒഴുക്കിനെ സുഗമമാക്കുന്നുണ്ട്. 1, 2, 27 എന്നീ ഷട്ടറുകൾ മാത്രമാണ് ഇപ്പോൾ തുറക്കാത്തത്. ഈ ഷട്ടറുകൾ പ്രവർത്തന രഹിതമാണ് എന്ന മട്ടിലുള്ള പ്രചരണം അടിസ്ഥാനരഹിതമാണ്. അടിയന്തിര സാഹചര്യം ഉണ്ടായാൽ ഏത് നിമിഷവും ഈ ഷട്ടറുകളും ഉയർത്താനാവും. നിലവിൽ എല്ലാ ഷട്ടറുകളും ഉയർത്തേണ്ട അളവിൽ വെള്ളത്തിന്റെ ഒഴുക്ക് ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഇപ്പോൾ എല്ലാ ഷട്ടറുകളും തുറക്കാത്തത്.
ബെഡ് ലെവലിൽ നിന്നും 4.500 മീറ്ററാണ് നിലവിൽ ഫുൾ റിസേർവോയർ കപ്പാസിറ്റി. ഇന്നലത്തെ (10.07.2022) കണക്ക് പ്രകാരം വാട്ടർ ലെവൽ 1.450 മീറ്റർ മാത്രമാണ്. ഇനിയും ഏറെ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി റിസേർവോയറിന് ഉണ്ടെന്നർത്ഥം.
2018 ലെ പ്രളയത്തിൽ തകർന്ന പാർശ്വഭിത്തികൾ അറ്റകുറ്റ പണികൾ നടത്തി ബലപ്പെടുത്തുന്നതിനായി 34 കോടി രൂപയുടെ എസ്റ്റിമേറ്റ് സർക്കാരിന് സമർപ്പിച്ചിട്ടുള്ളതാണ്. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിപ്പിക്കുന്നതിനുള്ള ശ്രമം നടത്തി വരികയുമാണ്. അതുവരെ പാർശ്വ ഭിത്തികൾ കൂടുതൽ തകരാതിരിക്കാൻ ശ്രദ്ധ വേണ്ടതുള്ളതിനാൽ കൂടിയാണ് നിലവിൽ എല്ലാ ഷട്ടറുകളും തുറക്കാതിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിക്കുന്ന സ്ഥിതി നിലവിലില്ല. ഏത് സാഹചര്യവും നേരിടാൻ പര്യാപ്തമായ വിധത്തിൽ ഉദ്യോഗസ്ഥ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നുണ്ട്.
ഭയപ്പെടേണ്ടതായ ഒരു സാഹചര്യവും ഇപ്പോഴില്ല. ഇത്തരം ഭീതി വിതച്ച് ഏതെങ്കിലും നിലക്കുള്ള നേട്ടം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് ഇതുപോലുള്ള അടിസ്ഥാന രഹിതമായ പ്രചാരണത്തിന് പിന്നിൽ. അനാവശ്യ ഭീതി പരത്തുന്ന വിധം ദുഷ് പ്രചാരണം തുടരുന്നവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.