നെടുമ്പാശേരി: വിമാനത്താവളത്തിനകത്ത് ഭാര്യയെ യാത്രയിൽ സഹായിക്കാൻ റദ്ദാക്കിയ ടിക്കറ്റ് ഉപയോഗിച്ച ഭർത്താവ് അറസ്റ്റിൽ. തിരുവല്ല സ്വദേശി എം.കെ. ജോസഫിനെയാണ് സി.ഐ.എസ്.എഫുകാർ പിടികൂടിയത്.
ദോഹക്ക് പോകുന്നതിനായി ഖത്തർ എയർവേസ് വിമാനത്തിൽ ജോസഫും ഭാര്യയും ടിക്കറ്റെടുത്തിരുന്നു. എന്നാൽ, പിന്നീട് ജോസഫ് തന്റെ ടിക്കറ്റ് റദാക്കി. അതിനു ശേഷം ഈ ടിക്കറ്റുമായി വിമാനത്താവള ടെർമിനലിനകത്ത് ഭാര്യയെ സഹായിക്കാൻ വേണ്ടി കയറുകയായിരുന്നു.
ടിക്കറ്റ് കാണിച്ചാൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ടെർമിനലിനകത്തേക്ക് കടത്തിവിടേണ്ടതായി വരും. ബന്ധപ്പെട്ട വിമാന കമ്പനികളുടെ പരിശോധനയിൽ മാത്രമേ റദ്ദായതാണെങ്കിൽ വെളിപ്പെടുകയുള്ളൂ. സംഭവത്തിൽ നെടുമ്പാശേരി പൊലീസ് കേസെടുത്തു.