പട്ടാമ്പി ഗവ.കോളേജിന് തലയെടുപ്പുള്ള പുതിയ കവാടം | KNews


പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിന്റെ പുതിയ കവാടം ഉദ്ഘാടനവും നാക് എപ്ലസ് ഔദ്യോദിക പ്രഖ്യാപനവും മന്ത്രി ആർ. ബിന്ദു ജൂലായ്‌ രണ്ടിന്‌ നിർവഹിക്കും.രാവിലെ 11-ന് നടക്കുന്ന പരിപാടിയിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ. അധ്യക്ഷനാവും.

പട്ടാമ്പി-ചെർപ്പുളശ്ശേരി റോഡിലാണ്  പുതിയ ആധുനിക കവാടം.മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് കവാടം നിർമിച്ചത്.

പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു നിർമാണം. നിലവിലെ പ്രവേശനകവാടം ചെർപ്പുളശ്ശേരി-പട്ടാമ്പി പ്രധാനപാതയിൽനിന്നുള്ള 100 മീറ്റർ നീളമുള്ള ചെറിയ പാതയിൽനിന്നാണ്. ചെർപ്പുളശ്ശേരിയിലേക്ക് പോകുന്ന വാഹനത്തിലിരിക്കുന്ന യാത്രക്കാർക്കുപോലും പഴയ പ്രവേശനകവാടം കാണാനാവില്ല.

 പുതിയ കവാടത്തിലേക്ക് പ്രധാന പാതയിൽനിന്നുതന്നെ പ്രവേശിക്കാം. കവാടത്തിന് സമീപമായി നഗരസഭയുടെ പുതിയ ബസ്‌സ്റ്റോപ്പും പണിതിട്ടുണ്ട്.

പുതിയ കവാടത്തിന്റെ ഒരുഭാഗത്ത് ജൈവവൈവിധ്യ ഉദ്യാനവും മറുഭാഗത്ത് മൈതാനവുമാണ്. അഞ്ചുമീറ്റർ വീതം ഉയരവും വീതിയുമുള്ള നിർമിതിയിൽ ഗെയ്റ്റും ഒരു സെക്യൂരിറ്റി ക്യാബിനുമുണ്ട്. 

സയൻസ് ബ്ലോക്ക്, ഐ.ടി. ഹബ്ബ്, ഓപ്പൺ ഓഡിറ്റോറിയം, കെട്ടിടങ്ങളുടെ നവീകരണം, ഭരണനിർവഹണ ബ്ലോക്ക് നിർമാണം, ഷട്ടിൽ ബാഡ്മിന്റൺ കോർട്ട് നിർമാണം, കുടിവെള്ള പദ്ധതി, ഓഡിറ്റോറിയം നവീകരിക്കൽ, കോളേജിനകത്തെ പാതകളുടെ നവീകരണം തുടങ്ങിയവ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.

Tags

Below Post Ad