തൃത്താല: കാലവർഷം കനത്തിട്ടും നീരൊഴുക്ക് വർധിച്ചിട്ടും തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ മുഴുവൻ ഷട്ടറുകളും ഉയർത്താനാകാതെ മൂന്ന് ഷട്ടറുകൾ അടഞ്ഞുതന്നെ കിടക്കുന്നു '
2018-ലും 2019-ലുമുണ്ടായ പ്രളയത്തിൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്താതിരുന്നത് തീരദേശങ്ങളിലേക്ക് വെള്ളം കയറുന്നതിന് കാരണമായിരുന്നു.തുടർന്ന്, ക്രെയിനുപയോഗിച്ചാണ് ഷട്ടറുകൾ ഉയർത്തിയത്. പട്ടാമ്പിപാലം കവിഞ്ഞും വെള്ളമൊഴുകിയിരുന്നു.
പ്രളയത്തിലും മറ്റുമായി റെഗുലേറ്ററിന്റെ പാർശ്വഭിത്തികൾ തകർന്നതാണ് രണ്ടുഷട്ടറുകൾ ഉയർത്താൻ തടസ്സമാകുന്നത്. പരുതൂർ പഞ്ചായത്തിന്റെ അതിർത്തിയിലുള്ള ഭാഗത്തെ ഷട്ടറും താഴ്ത്തിയിട്ടിരിക്കയാണ്. ഇവിടെയുള്ള കരിങ്കൽഭിത്തികൾ സംരക്ഷിക്കാനാണ് ഷട്ടർ ഉയർത്താത്തതെന്നാണ് അധികൃതർ പറയുന്നത്.
മൊത്തം 27 ഷട്ടറുകളാണ് റെഗുലേറ്ററിനുള്ളത്. 2018-ലെ പ്രളയത്തിൽ ഒരു ഷട്ടർ താഴേക്ക് ഒലിച്ചുപോയിരുന്നു. നിലവിൽ ഇതടക്കം പുനഃസ്ഥാപിച്ചിട്ടുണ്ട്.
കോൺക്രീറ്റ് കൊണ്ട് നിർമിച്ചിരുന്ന പടിഞ്ഞാറേ വശത്തെ പാർശ്വഭിത്തിയുടെ മുക്കാൽഭാഗവും പുഴയിലേക്ക് ഇടിഞ്ഞുവീണിരിക്കയാണ്. ഈ ഭാഗത്ത് മണൽച്ചാക്കുകൾകൊണ്ട് കെട്ടിയുയർത്തിയ താത്കാലിക ഭിത്തിയാണുള്ളത്. ഈവശത്തെ രണ്ട് ഷട്ടറുകൾ ഉയർത്തിയാൽ കുത്തിയൊലിച്ചെത്തുന്ന വെള്ളം തീരമിടിക്കുമെന്ന ആശങ്കയാണുള്ളത്. ഇത് റെഗുലേറ്ററിന്റെ നിലനിൽപ്പിനും ഭീഷണിയാവും.
യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാലാണ് ഇത്തരം വീഴ്ചകൾ ഉണ്ടാവുന്നതെന്ന ആരോപണവും ശക്തമാണ്. കഴിഞ്ഞ രണ്ടുവർഷം സമയം ലഭിച്ചിട്ടും പാർശ്വഭിത്തി നിർമിക്കാനായില്ല. മഴകനത്താൽ ഷട്ടറുകൾ മുഴുവൻ തുറന്നില്ലെങ്കിൽ തീരദേശങ്ങളിലേക്ക് വെള്ളമുയരുന്നതിന് കാരണമാവുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
എന്നാൽ അടിയന്തര സാഹചര്യംവന്നാൽ തൃത്താല റെഗുലേറ്ററിന്റെ ഷട്ടറുകൾ മുഴുവനായും തുറക്കും. നിലവിൽ പാർശ്വഭിത്തി തകർന്നുകിടക്കുന്നതിനാലാണ് ആ ഭാഗത്തെ ഷട്ടറുകൾ താഴ്ത്തിയിട്ടിരിക്കുന്നത്. അടച്ചിട്ടിരുന്ന ഒരുഷട്ടർ വെള്ളിയാഴ്ച ഉച്ചയോടെ ഉയർത്തിയിട്ടുണ്ട്. പാർശ്വഭിത്തി നിർമാണത്തിനായി സർക്കാരിലേക്ക് അടങ്കൽ സമർപ്പിച്ചിട്ടുണ്ട് എന്ന് അസി. എക്‌സിക്യുട്ടീവ് എൻജിനീയർ (വെള്ളിയാങ്കല്ല് റെഗുലേറ്റർ-കം-ബ്രിഡ്ജ്) അറിയിച്ചു.