തൃശ്ശൂർ: നഗരമധ്യത്തിലെ മസാജ് കേന്ദ്രത്തിൽനിന്ന് കഞ്ചാവും എം.ഡി.എം.എ.യും പിടികൂടി. നടത്തിപ്പുകാരായ പുരുഷനും സ്ത്രീയും അറസ്റ്റിൽ.
ശങ്കരയ്യ റോഡിലുള്ള ഡ്രീംസ് യൂണിസെക്സ് ബ്യൂട്ടി സലൂൺ എന്ന പേരിലുള്ള മസാജ് കേന്ദ്രത്തിൽനിന്നാണ് തൃശ്ശൂർ എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ അബ്ദുൾ അഷ്റഫും സംഘവും ചേർന്ന് 150 ഗ്രാം കഞ്ചാവും എം.ഡി.എം.എ.യും പിടികൂടിയത്.
നടത്തിപ്പുകാരായ പട്ടാമ്പി സ്വദേശി മാർക്ക്ശേരി അഭിലാഷ്, മൈലിപ്പാടം സ്വദേശിനി അന്തിക്കാടൻ വീട്ടിൽ ആസീന (35) എന്നിവരാണ് അറസ്റ്റിലായത്.
സ്ഥാപനത്തിൽ വരുന്ന ആളുകൾക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നതായും അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായും പരാതിയുണ്ട്.
ഇവിടേക്ക് വരുന്നവരുമായി സമീപത്തെ വ്യാപാരസ്ഥാപനത്തിലുള്ളവർ പാർക്കിങ്ങിനെച്ചൊല്ലി തർക്കമുണ്ടാവുകയും എക്സൈസിൽ വിവരമറിയിക്കുകയുമായിരുന്നു.
തൃശ്ശൂർ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.യു. ഹരീഷ്, പ്രിവന്റീവ് ഓഫീസർമാരായ ടി.ജി. മോഹനൻ, കെ.വി. രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ റെനിൽ രാജൻ, വിശാൽ, ജോസഫ്, ശ്രീജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ നിരോഷ, ശ്രുതി, ശ്രീവിദ്യ എന്നിവരാണ് പരിശോധന നടത്തി ഇവരെ അറസ്റ്റ് ചെയ്തത്.