പട്ടാമ്പി: ഭാരതപ്പുഴയ്ക്ക് കുറുകെ പട്ടാമ്പിയിൽ നിർമിക്കുന്ന പുതിയപാലത്തിന്റെ സ്ഥലമേറ്റെടുപ്പ് ഉടൻ. സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനുള്ള നടപടിക്ക് കരാർനടപടികൾ പൂർത്തിയായതായി പൊതുമരാമത്ത് വിഭാഗം അധികൃതർ അറിയിച്ചു.
പട്ടാമ്പിമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ സമ്പൂർണ അവലോകനത്തിനായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽനടന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്ഥലമേറ്റെടുപ്പ് പരമാവധി വേഗം പൂർത്തിയാക്കുന്നതിനുള്ള നിർദേശം നൽകുന്നതിനും യോഗം തീരുമാനിച്ചു.
പാലംസർവേ നടപടികൾ വൈകുന്നതായി 'മാതൃഭൂമി' വാർത്ത നൽകിയിരുന്നു. കിഫ്ബിയിലുൾപ്പെടുത്തി 31.60 കോടിരൂപ ചെലവിൽ പട്ടാമ്പി പഴയകടവിനെയും കമാനം റോഡിനെയും ബന്ധിപ്പിച്ചാണ് പാലംനിർമിക്കാൻ ലക്ഷ്യമിടുന്നത്. 370.9 മീറ്റർ നീളത്തിൽ ഇരുഭാഗത്തും ഒന്നരമീറ്റർവീതം നടപ്പാതയടക്കം 11 മീറ്റർ വീതിയിൽ പാലംനിർമിക്കാനാണ് പദ്ധതിയിൽ വിഭാവനംചെയ്തിട്ടുള്ളത്. രണ്ട് സ്പാനുകൾക്ക് 45.5 മീറ്ററും നാലെണ്ണത്തിന് 45 മീറ്ററും എട്ടെണ്ണത്തിന് 12.5 മീറ്ററും ഉയരമുണ്ടാവും. അനുബന്ധമായി പട്ടാമ്പിഭാഗത്ത് 72 മീറ്റർ നീളത്തിലും ഞാങ്ങാട്ടിരിഭാഗത്ത് 174 മീറ്ററും അനുബന്ധറോഡും പാലത്തിനൊപ്പം നിർമിക്കും. പാലത്തിന് കൈവരിയുമുണ്ടാവും. ഭൂമിയേറ്റെടുക്കലിനായി 3.5 കോടി രൂപയും കെട്ടിടം പൊളിക്കുമ്പോൾ നഷ്ടപരിഹാരം നൽകുന്നതിന് 2.38 കോടിയും മുമ്പ് വകയിരുത്തിയിട്ടുണ്ട്.
ജൽജീവൻമിഷന്റെ പൈപ്പ് ലൈനിടുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിച്ച് മഴ കഴിഞ്ഞ ഉടൻതന്നെ പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ ബന്ധപ്പെട്ടവകുപ്പുകൾ ഉറപ്പുനൽകി. കൊപ്പം-വളാഞ്ചേരി റോഡ്, തിരുവേഗപ്പുറ-ചെമ്പ്ര റോഡ്, കൈപ്പുറം-വിളത്തൂർ റോഡ് എന്നിവയൊക്കെത്തന്നെ ജലവിഭവവകുപ്പിന്റെ പ്രവൃത്തി നീളുന്നതിനാൽ കാലതാമസം നേരിടുന്നവയാണ്.
കിഫ്ബി വഴി പ്രവൃത്തി നടപ്പാക്കുന്ന നിള ഐ.പി.ടി. റോഡിന്റെ നടപടി പൂർത്തിയായി ക്കൊണ്ടിരിക്കയാണെങ്കിലും നിലവിലെ റോഡിന്റെ അവസ്ഥ പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണി നടത്തുന്നതിനും തീരുമാനമുണ്ട്. പട്ടാമ്പി-ആമയൂർ റോഡിന്റെ നടപടി ക്രമങ്ങളും അന്തിമഘട്ടത്തിലാണ്. യോഗത്തിൽ പൊതുമരാമത്ത് വിഭാഗം മോണിറ്ററിങ് വിഭാഗം, നിരത്ത് വിഭാഗം, ജലവിഭവവകുപ്പ് അധികൃതർ എന്നിവർ പങ്കെടുത്തു.