കൂറ്റനാട്: കൂറ്റനാട് മലറോഡിൽ സ്ഥിതിചെയ്യുന്ന തൃത്താല ഗവ. കോളേജിലേക്ക് 20 അടി വീതിയിൽ റോഡ് നിർമിക്കുന്നതിനുവേണ്ടി സ്ഥലം ഉടമ കെ.എം. മുഹമ്മദ് അരയേക്കറോളം ഭൂമി സൗജന്യമായി വിട്ടുനൽകി.
നേരത്തേ കോളേജ് സ്ഥാപിക്കുന്നതിനായി അഞ്ചേക്കറോളം സ്ഥലവും അദ്ദേഹം സൗജന്യമായി നൽകിയിരുന്നു. റോഡിന്റെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് വേണ്ടി സ്പീക്കർ എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ സ്ഥലമുടമയുടെ സഹായം അഭ്യർഥിച്ചിരുന്നു.
ഇതോടെ കോളേജിലേക്ക് 20 അടി വീതിയിൽ റോഡ് നിർമിക്കാനുള്ള വീതിയാകുമെന്ന് പ്രിൻസിപ്പൽ എ. ജയകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ ദിവസം കോളേജിൽ എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സ്ഥലം വിട്ടുനൽകിയ കാര്യം പ്രഖ്യാപിച്ചത്.
എം.എൽ.എ. ഫണ്ടിൽനിന്ന് അനുവദിക്കുന്ന തുക ഉപയോഗിച്ച് ഉടൻ റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നും സ്പീക്കർ പറഞ്ഞു. സ്ഥലം ഉടമ കെ.എം. മുഹമ്മദ്, പി.ടി.എ. വൈസ് പ്രസിഡന്റ് ശിവശങ്കരൻ, വൈസ് പ്രിൻസിപ്പൽ എൻ. രമേശ്, കായികവിഭാഗം അധ്യാപകൻ ഷൈജൻ എന്നിവർ സംസാരിച്ചു.