തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റിന്റെ തകർപ്പൻ വിജയം. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം ഇന്ത്യ 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി.
മൂന്നാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ കെ.എൽ.രാഹുലും സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. സൂര്യകുമാർ 50 റൺസെടുത്തും രാഹുൽ 51 റൺസ് നേടിയും പുറത്താവാതെ നിന്നു.
സ്കോർ: ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ടിന് 106. ഇന്ത്യ 16.4 ഓവറിൽ രണ്ടിന് 110. അർഷ്ദീപ് സിങ്ങിനെ മത്സരത്തിലെ താരമായി തിരഞ്ഞെടുത്തു.