സ്‌കൂട്ടറിൽ കോളേജിലേക്ക് പോകാനിറങ്ങി; അമ്മ നോക്കിനിൽക്കേ മകൾ ലോറിയിടിച്ച് മരിച്ചു


 തൃശൂർ : സ്കൂട്ടറിൽ കോളേജിലേക്ക് പോകാനിറങ്ങിയ ഉടൻ വിദ്യാർഥിനി അമ്മയുടെ കൺമുന്നിൽ ചരക്കുലോറി ഇടിച്ച് മരിച്ചു. വിയ്യൂർ മമ്പാട് പരേതനായ രാമകൃഷ്ണന്റെയും സുനിതയുടെയും മകൾ റെനിഷ (22) ആണ് മരിച്ചത്. . ബുധനാഴ്ച രാവിലെ എട്ടേകാലോടെ വീടിനു മുമ്പിലാണ് അപകടമുണ്ടായത്.

വീട്ടിൽനിന്ന് റോഡിലേക്ക് ഇറങ്ങിയ ഉടനെ സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. തൃശ്ശൂരിൽനിന്ന് മുളങ്കുന്നത്തുകാവ് എഫ്.സി.ഐ. ഗോഡൗണിലേക്ക് അരിയുമായി വന്ന ലോറിയാണ് ഇടിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

 തൃശ്ശൂരിൽനിന്ന് വിയ്യൂരിലേക്കുള്ള റോഡിൽ ഇടതുഭാഗത്താണ് ഇവരുടെ വീട്. ഇവിടെനിന്നിറങ്ങി റോഡ് മുറിച്ചുകടന്നുവേണം തൃശ്ശൂരിലേക്ക് പോകാൻ. എന്നാൽ, വീട്ടിൽനിന്ന് ഇറങ്ങിയ ഉടനെയായിരുന്നു അപകടം.

ഇടിയേറ്റുവീണ റെനിഷയുടെ ദേഹത്ത് ലോറി കയറി. സ്കൂട്ടർ പൂർണമായും തകർന്നു. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും ആന്തരികാവയവങ്ങൾക്കുണ്ടായ പരിക്ക് മരണത്തിനിടയാക്കി. മകൾ പോകുന്നത് നോക്കി വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്നു അമ്മ സുനിത. സുനിതതന്നെയാണ് അപകടവിവരം നാട്ടുകാരെ അറിയിച്ച് റെനിഷയെ ആശുപത്രിയിലെത്തിച്ചത്.

ഒന്നരവർഷംമുൻപ് കോവിഡ് ബാധിച്ചായിരുന്നു അച്ഛന്റെ മരണം. തുടർന്ന് വീടുകളിൽ ട്യൂഷൻ എടുത്ത് പഠനത്തിനായി വരുമാനം കണ്ടെത്തുകയായിരുന്നു റെനിഷ. വീടിനോട് ചേർന്ന് അമ്മ സുനിത ബ്യൂട്ടി പാർലർ നടത്തുന്നുണ്ട്. നർത്തകികൂടിയാണ് റെനിഷ. 

സഹോദരി: രേഷ്ന. മൃതദേഹം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം വ്യാഴാഴ്ച 11.30-ന് പാറമേക്കാവ് ശാന്തിഘട്ടിൽ.


Below Post Ad