കുറ്റിപ്പുറം: പൊലീസ് പരിശോധനയില്‍ നിരവധി വാഹന മോഷണ കേസുകളില് പ്രതിയായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരുവാരക്കുണ്ട് തച്ചം പള്ളി ഹസ്സന്‍ (63), പട്ടാമ്പി ഓങ്ങല്ലൂര്‍ കിഴക്കും പറമ്പില്‍ ഉമ്മര്‍ (52), താമരശ്ശേരി ഒറ്റ പാലക്കല്‍ ശമീര്‍ (45) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
സംശയകരമായ സാഹചര്യത്തില്‍ കുറ്റിപ്പുറം ടൗണില്‍ വെച്ചാണ് ഇവരെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിനിടെ സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ മോഷ്ടാക്കളാണെന്ന് വെളിവായത്. പിടിയിലായവര്‍ക്ക് വയനാട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം ജില്ലകളില്‍ മോഷണം, അടിപിടി കേസുകളുണ്ട്.
ഹസ്സന്‍ കരുവാരക്കുണ്ട് സ്വദേശിയാണെങ്കിലും ഭാര്യയുടെ വീടായ പാങ്ങിലാണ് ഇപ്പോള്‍ താമസം. പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശിയായ ഉമ്മര്‍ കുറേക്കാലമായി വളാഞ്ചേരി കാവും പുറത്ത് വാടകവീട്ടിലാണ് കുടുംബവുമൊത്ത് താമസിക്കുന്നത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.