തൃത്താല : ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ തൃത്താല സ്വദേശിക്ക് മൂന്നുവർഷം കഠിനതടവും 25,000 രൂപ പിഴവും വിധിച്ചു.
തൃത്താല തെക്കേപുരയ്ക്കൽ ഷരുണിനെയാണ് (32) ഒറ്റപ്പാലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പി. സെയ്തലവി ശിക്ഷിച്ചത്.
തൃത്താല തെക്കേപുരയ്ക്കൽ വീട്ടിൽ രാജേഷിനെ (36) തലയ്ക്കു കുത്തി പരിക്കേൽപ്പിച്ച കേസിലാണ് വിധി. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസംകൂടി അധികം തടവ് അനുഭവിക്കണം.
2020 ജനുവരി 10-ന് രാത്രി തൃത്താല ആലിൻചുവട്ടിലെ ഷെഡ്ഡിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി ഷരുൺ കൈവശമുണ്ടായിരുന്ന ബൈക്കിന്റെ താക്കോൽകൊണ്ട് രാജേഷിന്റെ ചെവിക്കുമുകളിലായി തലയിൽ കുത്തി പരിക്കേൽപ്പിച്ചുവെന്നാണ് കേസ്.
തലയിൽ തുളഞ്ഞുകയറിയ താക്കോൽ പിന്നീട് ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. രാജേഷിനെക്കുറിച്ച് നാട്ടിൽ അപവാദപ്രചരണം നടത്തിയത് ചോദ്യംചെയ്തതിനെച്ചൊല്ലിയുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് കേസ്.
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. ഹരി ഹാജരായി. കേസിൽ 10 സാക്ഷികളെ വിസ്തരിച്ചു. യുവാവിന് അപ്പീലിന് സാവകാശംനൽകി കോടതി ജാമ്യം അനുവദിച്ചു