പട്ടാമ്പി: ആർ.എസ്.എസ്. മുൻപ്രചാരകൻ പാലക്കാട് മൂത്താന്തറ എ. ശ്രീനിവാസനെ മേലാമുറിയിലെ കടയിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) നേതാവ് അറസ്റ്റിൽ.
പി.എഫ്.ഐ. പാലക്കാട് സൗത്ത് ജില്ലാസെക്രട്ടറി പട്ടാമ്പി മുതുതല കൊടുമുണ്ട തോട്ടിൻകര പൊന്നാത്തുകുഴിയിൽ വീട്ടിൽ അബൂബക്കർ സിദ്ധീഖിനെയാണ് (33) പ്രത്യേക പോലീസ് സംഘം അറസ്റ്റുചെയ്തത്.
ഞായറാഴ്ച രാവിലെ പാലക്കാട്ടുനിന്ന് പട്ടാമ്പിയിലെത്തിയ പോലീസ് സംഘമാണ് അബൂബക്കർ സിദ്ദിഖിനെ കസ്റ്റഡിയിലെടുത്തത്. പി.എഫ്.ഐ. പ്രവർത്തകരിൽനിന്ന് എതിർപ്പുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാവലയത്തിലായിരുന്നു നടപടി. പിന്നീട് പാലക്കാട്ടെത്തിച്ച് ചോദ്യംചെയ്യലിനുശേഷം അറസ്റ്റുചെയ്യുകയായിരുന്നു.
ശ്രീനിവാസൻ കൊലക്കേസിൽ പോലീസ് അറസ്റ്റുചെയ്യുന്ന 27-മത്തെ പ്രതിയാണ് അബൂബക്കർ സിദ്ധീഖെന്ന് ഡിവൈ.എസ്.പി. എം. അനിൽകുമാർ പറഞ്ഞു.
കഴിഞ്ഞദിവസം മലപ്പുറം ഓമച്ചപ്പുഴ കരിങ്കപ്പാറ മാരക്കാട്ടിൽ വീട്ടിൽ സിറാജുദ്ദീൻ (38) അറസ്റ്റിലായിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അബൂബക്കർ സിദ്ധീഖിന്റെ അറസ്റ്റ്.
ശ്രീനിവാസനെ വധിക്കാനുള്ള ഗൂഢാലോചന, നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തവർക്ക് പ്രേരണ നൽകൽ, കൃത്യത്തിൽ പങ്കെടുത്തവരെ ഒളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് ചുമത്തിയിട്ടുള്ളത്.
ശ്രീനിവാസനെ വധിക്കാനുള്ള ഗൂഢാലോചന, നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തവർക്ക് പ്രേരണ നൽകൽ, കൃത്യത്തിൽ പങ്കെടുത്തവരെ ഒളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് ചുമത്തിയിട്ടുള്ളത്.
ഏപ്രിൽ 16-ന് ഉച്ചയ്ക്ക് ഒരുമണിക്കാണ്, മൂന്ന് ബൈക്കുകളിലെത്തിയ സംഘം മേലാമുറിയിലെ എസ്.കെ.എസ്. ഓട്ടോസ് എന്ന സ്ഥാപനത്തിൽക്കയറി ശ്രീനിവാസനെ വെട്ടിക്കൊന്നത്. പി.എഫ്.ഐ. പ്രവർത്തകനായ സുബൈർ എലപ്പുള്ളിയിൽ വെട്ടേറ്റുമരിച്ച് 24 മണിക്കൂർ തികയുംമുമ്പാണ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്.