ഓടിക്കൊണ്ടിരിക്കുന്ന  ലോറിയിൽ നിന്ന് ഇരുമ്പ് ഷീട്ടുകൾ തെറിച്ച് വീണ് വഴിയാത്രക്കാരായ രണ്ടുപേർക്ക് ദാരുണാന്ത്യം


 

എടക്കഴിയൂർ : ഓടിക്കൊണ്ടിരിക്കുന്ന കണ്ടയിനർ ലോറിയിലെ ഇരുമ്പ് ഷീറ്റുകൾ മറിഞ്ഞുവീണ് റോഡരികിൽ നിന്നിരുന്ന രണ്ടുപേർ മരിച്ചു. 

ഇന്ന് രാവിലെ ആറുമണിയോടെ അകലാട് സ്‌കൂളിന് സമീപമാണ് അപകടം. എടക്കഴിയൂർ അകലാട് സ്വദേശികളായ പുതുവീട്ടിൽ മഠത്തിൽ പറമ്പിൽ മുഹമ്മദ്‌ ഹാജി (70), ഹോട്ടൽ തൊഴിലാളിയായ കിഴക്കേതറയിൽ അബു മകൻ ഷാജി (45) എന്നിവരാണ് മരിച്ചത്.

ചാവക്കാട് ഭാഗത്തേക്ക്‌ പോവുകയായിരുന്ന കണ്ടയിനർ ലോറിയിൽ അടക്കി വെച്ചിരുന്ന ഇരുമ്പ് പാളികളാണ് കൂട്ടമായി റോഡിലേക്ക് മറിഞ്ഞത്. സുബഹി നമസ്കാരം കഴിഞ്ഞു വരികയായിരുന്ന മുഹമ്മദ്‌ ഹാജിയും ഹോട്ടൽ തൊഴിലാളിയായ ഷാജിയും അതിനടിയിൽ പെടുകയായിരുന്നു. 

ഷാജി തത്സമയം മരിച്ചിരുന്നു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മുഹമ്മദ്‌ ഹാജിയെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

എടക്കഴിയൂർ ലൈഫ്കെയർ, അകലാട് നവബി ആംബുലൻസ് പ്രവർത്തകർ രക്ഷപ്രവർത്തനം നടത്തി. ദേശീയപാതയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. വടക്കേകാട് പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി. ജെ സി ബി ഉപയോഗിച്ച് ഇരുമ്പ് പാളികൾ നീക്കം ചെയ്തു. അകലാട് എ യു പി സ്കൂളിന്റെ മതിലും പൊളിഞ്ഞിട്ടുണ്ട്.

Below Post Ad