പട്ടാമ്പിയിൽ ഭാരതപുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന പുതിയ പാലത്തിനു ആവശ്യമായി വരുന്ന സ്ഥലം അക്വയർ ചെയ്യുന്നതിനു അനുമതി ലഭിച്ചതായി മുഹസിൻ എം.എൽ.എ അറിയിച്ചു.
പട്ടാമ്പി മണ്ഡലത്തിൽ ഉൾപ്പെട്ട 14 സർവ്വേ നമ്പറുകളിലായി 6.07 ആർ ഭൂമായും തൃത്താല മണ്ഡലത്തിലെ 7 സർവ്വേ നമ്പറും കളിൽ നിന്നും 6.07 ആർ ഭൂമിയുമാണ് പട്ടാമ്പി പുതിയ പാലത്തിനു ആവശ്യമായി വരുന്നത്. ഈ ഭൂമി ഏറ്റെടുക്കുന്നതിനു തത്വത്തിൽ അംഗീകാരം നൽകി കൊണ്ട് റവന്യൂ വകുപ്പിൽ നിന്നുമാണ് ഉത്തരവ് ലഭിച്ചിട്ടുള്ളത്.
സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തികൾ ഏകോപിപ്പിക്കുന്നതിനായി പാലക്കാട് ജില്ലാ കലക്ടറെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പൊതു മരാമത്ത് വകുപ്പിന്റെ വിഭാഗമായ കേരള റോഡ് ഫണ്ട് ബോർഡിനാണ് പാലത്തിന്റെ നിർമ്മാണ ചുമതലകൾ നൽകിയിട്ടുള്ളത്.
പട്ടാമ്പിക്കാരുടെ ചിരകാല അഭിലാഷമായ പട്ടാമ്പിയിൽ ഭാരതപ്പുഴയ്ക്ക് കുറുകെ ഒരു പുതിയ പാലമെന്ന ആഗ്രഹത്തിന്റെ ഒരു കടമ്പ കൂടി കടന്നിരിക്കുകയാണ്. സ്ഥലമേറ്റടുപ്പും അതോടൊപ്പം തന്നെ സ്ഥലമുടമകൾക്കുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികളും പൂർത്തിയാവേണ്ടതുണ്ട്.
നടപടിക്രമങ്ങൾ എത്രയും വേഗത്തിൽ പൂർത്തിയാക്കി കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നു മുഹമ്മദ് മുഹസിൻ എം.എൽ എ വാർത്താ കുറിപ്പിൽ അറിയിച്ചു