കുറ്റിപ്പുറം : അർബുദ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ നാടാകെ ഒന്നിച്ചെങ്കിലും സുമനസുകളെയെല്ലാം ദു:ഖത്തിലാഴ്ത്തി ഹന്ന മോൾ മരണത്തിന് കീഴടങ്ങി.
കോട്ടക്കൽ കുറ്റിപ്പുറത്തെ ഓട്ടോ ഡ്രൈവറായ കടവത്ത് സെയ്തലവിയുടേയും ബുഷ്റയുടേയും മകളായ ഹന്നയാണ് (17) വെള്ളിയഴ്ച രാവിലെ കോട്ടക്കലിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമായിരുന്നു ഹന്നയുടെ ജീവൻ രക്ഷിക്കാനുള്ള ഏക വഴി. ശസ്ത്രക്രിയ അടക്കമുള്ള ചികിത്സക്ക് 40 ലക്ഷം രൂപയായിരുന്നു ആവശ്യം. ഒാട്ടോ ഡ്രൈവറായ പിതാവ് സൈതലവിക്ക് ഇത്രയും വലിയ തുക സമാഹരിക്കാനാകുമായിരുന്നില്ല. അതോടെ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമായി സുമനസുകളുടെ കൂട്ടായ്മ രൂപപ്പെടുകയായിരുന്നു.
നാടൊന്നാകെ ഒന്നിച്ചതോടെ ഒന്നരക്കോടിയോളം രൂപ സമാഹരിക്കാനായി. ഹന്ന മോളുടെ ജീവിതം തിരിച്ചുപിടിക്കാനായി ഒഴുകിയ ചെറുതും വലുതുമായ സഹായങ്ങൾ ചേർന്നാണ് അത്രയും തുകയായത്.
70 ലക്ഷം രൂപ കുടുംബത്തിന് കൈമാറിയെങ്കിലും ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നു ഹന്ന. ഒടുവിൽ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഖബറടക്കം കുറ്റിപ്പുറം ജുമാ മസ്ജിദിൽ നടക്കും.
ഹന്നമോൾ മരണത്തിന് കീഴടങ്ങി; കോടി കടന്ന കാരുണ്യമൊഴുക്ക് വെറുതെയായി
സെപ്റ്റംബർ 09, 2022
Tags