കുന്നംകുളം: കല്ലുംപുറത്ത് ഓട്ടോറിക്ഷയിൽ യാത്രചെയ്തിരുന്ന യുവതിയ്ക്കുനേരെ സദാചാര ഗുണ്ടായിസവും ലൈംഗികാതിക്രമവും നടത്തിയ കേസിൽ രണ്ടുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
അക്കിക്കാവ് കരിക്കാട് കൊമ്പത്തേയിൽ വീട്ടിൽ റൗഷാദ് (32), പെരുമ്പിലാവ് തൈവളപ്പിൽ വീട്ടിൽ നിഖിൽ (27) എന്നിവരെയാണ് എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ലഹരിപദാർഥങ്ങൾ വിൽക്കുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി.
കല്ലുംപുറത്ത് ഓഗസ്റ്റ് 26-ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. ചങ്ങരംകുളം ഭാഗത്തുനിന്ന് ഓട്ടോറിക്ഷയിൽ വരുകയായിരുന്നു യുവതി. ഡ്രൈവർക്ക് ഫോൺ വന്നപ്പോൾ ഓട്ടോറിക്ഷ റോഡരികിൽ നിർത്തി. ഈ സമയത്താണ് പ്രതികളായ രണ്ടുപേർ ബൈക്കിൽ ഈ വഴിയെത്തിയത്. ഓട്ടോറിക്ഷ നിർത്തിയിട്ടിരിക്കുന്നത് ഇവർ ചോദ്യംചെയ്തു. ഡ്രൈവറെ ബലമായി പിടിച്ച് യുവതിക്കൊപ്പമിരുത്തി ഫോട്ടോയെടുത്തു. തുടർന്ന് യുവതിയെ അസഭ്യം പറഞ്ഞ് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ഡ്രൈവറെ മർദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടുപേരുടെയും കൈവശമുണ്ടായിരുന്ന ഫോണുകളും തട്ടിയെടുത്തു. അവർ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് യുവതിയോട് വരണമെന്ന് പറഞ്ഞാണ് പ്രതികൾ സ്ഥലംവിട്ടതെന്ന് പോലീസ് പറയുന്നു.
അക്രമത്തിനിരയായവർ നാണക്കേട് ഓർത്ത് ആദ്യം പരാതി നൽകിയില്ല. പിന്നീട് പരാതി ലഭിച്ചതോടെ പോലീസ് കേസെടുത്തു. ഇതോടെ പ്രതികൾ ഒളിവിൽപ്പോയി. ബെംഗളൂരു, എറണാകുളം എന്നിവിടങ്ങളിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഒളിവുകേന്ദ്രം മാറുന്നതിനായി തൃശ്ശൂരിലെത്തിയപ്പോഴാണ് റെയിൽവെ സ്റ്റേഷനിൽനിന്ന് പിടിയിലായത്.
കേസ് അന്വേഷിക്കാൻ കമ്മിഷണർ ആർ. ആദിത്യയുടെ നിർദേശത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്. പ്രതികൾ തട്ടിയെടുത്ത മൊബൈൽ ഫോണുകളും കണ്ടെത്തി.
എസ്.എച്ച്.ഒ. യു.കെ. ഷാജഹാൻ, എസ്.ഐ. ഷെക്കീർ അഹമ്മദ്, സി.പി.ഒ.മാരായ ശരത്, ആഷിഷ്, അനൂപ്, സുജിത്ത്, ജോൺസൺ, ഗിരീശൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.