തിരുവോണം ബംബര്‍ : ഈ വര്‍ഷവും ഒന്നാമത് പാലക്കാട് | KNews



പാലക്കാട് : തിരുവോണം ബംബര്‍ 2022 ടിക്കറ്റ് വില്‍പനയില്‍ പാലക്കാട് ജില്ല ഈ വര്‍ഷവും സംസ്ഥാനത്ത് ഒന്നാമത്. ജില്ലയില്‍ ഇതുവരെ 9.85 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 

പാലക്കാട് ജില്ലാ ഓഫീസില്‍ 6,25,000 ടിക്കറ്റുകളും ചിറ്റൂര്‍ സബ് ഓഫീസില്‍ 1,95,000, പട്ടാമ്പി സബ് ഓഫീസില്‍ 1,65,000 ടിക്കറ്റുകളുമാണ് വിറ്റഴിച്ചത്. നറുക്കെടുപ്പിന് ഒരു ദിവസം ബാക്കി നില്‍ക്കെ 10 ലക്ഷത്തോളം ടിക്കറ്റുകള്‍ ജില്ലയില്‍ ഇതിനോടകം വില്‍പ്പന ചെയ്ത് 40 കോടിയോളം രൂപ വിറ്റുവരവ് ലഭിച്ചു.

ജില്ലയില്‍ ആകെ എട്ട് ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്താണ് 9.85 ലക്ഷം ടിക്കറ്റുകള്‍ ഇതുവരെ വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 7,65,000 ടിക്കറ്റുകളാണ് വിറ്റത്. 

സംസ്ഥാനത്ത് ആകെ 67 ലക്ഷം ഓണം ബംബര്‍ ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 54 ലക്ഷം ആയിരുന്നു. ടിക്കറ്റ് തുക വര്‍ധിപ്പിച്ചിട്ടും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 ലക്ഷം ടിക്കറ്റുകളുടെ അധിക വില്‍പന ഇതുവരെ നടന്നു. സംസ്ഥാനത്ത് ടിക്കറ്റ് വില്‍പനയില്‍ രണ്ടാം സ്ഥാനത്തുള്ള തൃശൂര്‍ ജില്ലയില്‍ 8,50,000 ടിക്കറ്റുകളാണ് വിറ്റത്.


സെപ്റ്റംബര്‍ 18 നാണ് ബംബര്‍ നറുക്കെടുപ്പ്. സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഓണം ബംബര്‍ ലോട്ടറിയില്‍ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയായ 25 കോടിയാക്കി ഉയര്‍ത്തിയാണ് വിപണിയിലെത്തിയത്. 126 കോടിയുടെ സമ്മാനമാണ് ആകെ നല്‍കുന്നത്. രാജ്യത്ത് തന്നെ ഇതാദ്യമായാണ് ഒറ്റ ടിക്കറ്റില്‍ ഇത്രയും ഉയര്‍ന്ന തുക ഒന്നാം സമ്മാനമായി നല്‍കുന്നത്. മുന്‍വര്‍ഷം 12 കോടി രൂപയാണ് തിരുവോണം ബംബറിന്റെ ഒന്നാം സമ്മാനമായി നല്‍കിയത്. അഞ്ച് കോടിയാണ് രണ്ടാം സമ്മാനം. ഒരു കോടി വീതം പത്ത് പേര്‍ക്ക് മൂന്നാം സമ്മാനമായി ലഭിക്കും. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് രണ്ടര കോടി രൂപ കമ്മീഷനായി ലഭിക്കുമെന്നും ലോട്ടറി വകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം വരെ 300 രൂപയായിരുന്നു ടിക്കറ്റ് വില. സമ്മാന തുക ഉയര്‍ന്നതിനൊപ്പം ഇത്തവണ വിലയും 500 രൂപയാണ് ടിക്കറ്റ് വില.

Below Post Ad