വീണ്ടുമൊരു ഫുട്ബോൾ ലോകകപ്പ് വരുന്നു. ഖത്തറിലെ കളിക്കളങ്ങളിൽ നവംബർ 20 മുതൽ പന്തുരുളാൻ തുടങ്ങുമ്പോൾ ആരവം നിറയുന്നത് ലോകമെങ്ങുമാണ്.
ലോകകപ്പ് ഫുട്ബോളിന്റെ കൊടിക്കൂറ ഉയരുമ്പോൾ ഏറെ ഫുട്ബോൾ പ്രേമികളും കളിക്കാരുമുള്ള തൃത്താലയും സോക്കർ കാർണിവൽ സംഘടിപ്പിച്ച് അതിൽ പങ്കു ചേരുകയാണ്.
നവംമ്പർ 7 മുതൽ 20 വരെ തൃത്താല നിയോജക മണ്ഡലത്തിലാകെ വിവിധയിടങ്ങളിലായാണ് സോക്കർ കാർണിവൽ സംഘടിപ്പിക്കുന്നത്.
സോക്കർ സിനിമകളുടെ പ്രദർശനം, സെമിനാറുകൾ, സോക്കർ നാടകം, വീഡിയോ ഇൻസ്റ്റലേഷൻ, ഷൂട്ട് ഔട്ടുകൾ, തുടങ്ങി വിവിധ പരിപാടികൾ കാർണിവലിൽ ഉണ്ടാകും.
സോക്കർ കാർണിവൽ വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു കഴിഞ്ഞു. സോക്കർ കാർണിവലിന്റെ ലോഗോ ഇന്ന് മന്ത്രി എം.ബി.രാജേഷ് പ്രകാശനം ചെയ്തു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ കേരള പോലീസ് ടീം ക്യാപ്റ്റൻ വി ജി ശ്രീരാഗ് അമ്പാടിക്കു നൽകിയായിരുന്നു ലോഗോയുടെ പ്രകാശനം . തൃത്താലക്കാരൻ തന്നെയായ വിനീതാണ് ലോഗോ രൂപകൽപ്പന ചെയ്തത്.
ലോഗോ പ്രകാശന ചടങ്ങിൽ, കൺവീനർ ടി പി ഷഫീഖ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണി, ബാബു നാസർ, കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ശറഫുദീൻ കളത്തിൽ, ടി അബ്ദുൽ കരീം, പി വി രജീഷ്, ടി കെ വിജയൻ എന്നിവർ പങ്കെടുത്തു.