കൂറ്റനാട് : ടി.വി.ക്കുമുന്നിൽ കുറച്ചുപേർ കൂടിയിരുന്ന് ഫുട്ബോൾ കാണുന്നത് പഴഞ്ചനായി. വലിയ തിരശ്ശീലകളിൽ ചലച്ചിത്രം കാണുംപോലെയാണ് ലോകകപ്പ് ആസ്വദിക്കയാണെല്ലാവരും.
തൃത്താല, കൂറ്റനാട്, പട്ടിത്തറ, കൂടല്ലൂർ, ചാലിശ്ശേരി, കോതച്ചിറ, മതുപ്പുള്ളി, തിരുമിറ്റക്കോട്, കപ്പൂർ, നാഗലശ്ശേരി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിരവധിപേരാണ് ഒത്തുചേരുന്നത്.
ഇവരിൽ പ്രായമായവർതൊട്ട് ചെറിയ കുട്ടികൾ വരെയുണ്ട്. വലിയ തിരശ്ശീലയ്‌ക്കൊപ്പം പലേടത്തും ഡിജിറ്റൽ സൗണ്ട് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.
ക്ലബ്ബുകളും വായനശാലകളുമൊരുക്കിയ ‘ഫുട്ബോൾ ഷോ’ തികഞ്ഞ കളിയാസ്വാദന ലഹരിയോടെയാണ് എല്ലാവരും കാണുന്നത്. ചിലയിടങ്ങളിൽ ഫാൻസുകാർ ചൂടുള്ള ചായയും നൽകുന്നുണ്ട്.
കൂടല്ലൂർ ഫിഫ , നാഗലശ്ശേരി സ്പെക്‌ട്രം ക്ലബ്ബ്, മതുപ്പുള്ളി പെരിങ്ങോട് സഹൃദയ ക്ലബ്ബ്, അരുണോദയം വായനശാല, ചാലിശ്ശേരിയിൽ ജി.സി.സി. ക്ലബ്ബ് തുടങ്ങീ പ്രധാനപ്പെട്ട മിക്ക സ്പോർട്സ് ക്ലബ്ബുകളും വായനശാലകളും വലിയ സ്‌ക്രീനിൽ കളി കാണാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
വിദ്യാർഥികൾ പഠനമെല്ലാം നേരത്തേ തീർത്ത് കൂട്ടമായി കളികാണുന്നതിനായി എത്തുന്നുണ്ടെന്ന് പെരിങ്ങോട് മതുപ്പുള്ളി സഹൃദയക്ലബ്ബിലെ ഭാരവാഹികളായ സി.പി. ഷക്കീറും പി. ഷാജിയും ഇ.വി. മനോജും ഷമീറും പറയുന്നത്.
പ്രവാസികളായ സുഹൃത്തുക്കൾ ചേർന്ന് പ്രൊജക്ടറും തിരശ്ശീലയും പല വായനശാലകൾക്കും ക്ലബ്ബുകൾക്കും സംഭാവനയായി നൽകിയിട്ടുണ്ട്.