കൂറ്റനാട്: തകർന്നുകിടക്കുന്ന പട്ടാമ്പി-കൂറ്റനാട് പാതയിൽ നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നു. രണ്ടിടങ്ങളിൽ തറയോട് വിരിച്ചു. മാസങ്ങളായി തകർന്നുകിടക്കുന്ന ഞാങ്ങാട്ടിരി പെട്രോൾ പമ്പിന് മുൻവശത്തും ഒടിയൻപടിയിലുമാണ് തറയോട് വിരിച്ചത്. ഇതിന്റെ നാലുഭാഗങ്ങളിലും കോൺക്രീറ്റ് ഉറപ്പിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്.
നിലവിൽ ഇതുവഴി ഗതാഗതം നിരോധിച്ചിട്ടുണ്ട്. ചെറിയ വാഹനങ്ങൾക്ക് ഞാങ്ങാട്ടിരി മുക്കാരത്തിക്കാവിന് സമീപത്തുനിന്ന് തിരിഞ്ഞ് വി.കെ. കടവ് തൃത്താല റോഡിലേക്കെത്താനുള്ള സൗകര്യമുണ്ട്. ബസ്സടക്കമുള്ള വലിയ വാഹനങ്ങൾ കൂറ്റനാട്ടുനിന്ന് തൃത്താല റോഡിലേക്ക് തിരിഞ്ഞാണ് പട്ടാമ്പിയിലെത്തുന്നത്.
കഴിഞ്ഞ ഒരുവർഷത്തോളമായി കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലാണ് പാത. കഴിഞ്ഞ മഴക്കാലത്തടക്കം യാത്രക്കാർ ഏറെ ദുരിതമനുഭവിച്ചാണ് ഇതുവഴി യാത്രചെയ്തിരുന്നത്.
കഴിഞ്ഞ ബജറ്റിൽ തണത്തറ പാലംമുതൽ പട്ടാമ്പിവരെയുള്ള പാത വീതികൂട്ടി നവീകരിക്കാൻ പ്രഖ്യാപനമുണ്ടായിരുന്നു. ആവശ്യമായ ആദ്യഗഡു തുക വകയിരുത്തുകയുംചെയ്തു. എന്നാൽ, അതിന്റെ സ്ഥലമെടുപ്പും അടങ്കൽ തയ്യാറാക്കലും കരാറുമടക്കമുള്ള നടപടികൾക്ക് സമയെടുക്കുമെന്നതിനാലാണ് പാതയിൽ അടിയന്തരമായി നവീകരണപ്രവൃത്തികൾ തുടങ്ങിയത്.
റോഡ് തകർച്ചയിൽ വിവിധമേഖലകളിൽനിന്ന് വലിയ പ്രതിഷേധവും ഉയർന്നിരുന്നു.
സ്ഥിരമായി വെള്ളക്കെട്ടുണ്ടാവുന്ന കൂറ്റനാട്ടെ സ്വകാര്യമാളിന്റെ മുന്നിലുള്ള ഓവുപാലങ്ങൾ നവീകരിക്കുന്നതിനായി 25 ലക്ഷംരൂപയും അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രവൃത്തികൾ തുടങ്ങി. കൂറ്റനാട് മുതൽ ഞാങ്ങാട്ടിരി പമ്പുവരെയുള്ള പൊട്ടിപ്പൊളിഞ്ഞ കേടുപാടുകൾ തീർക്കുന്ന പ്രവൃത്തിയും ഇതോടൊപ്പം പൂർത്തിയാക്കും
കൂറ്റനാട് - പട്ടാമ്പി പാതയിൽ ഗതാഗത നിയന്ത്രണം തുടരുന്നു. നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നു
നവംബർ 14, 2022
Tags