എഴുപതിൻ്റെ നിറവിൽ ദുബായ് റണ്ണിൽ പങ്കെടുത്ത്  തൃത്താല ആലൂർ സ്വദേശി ഫാത്തിമ


 

ദുബായ് • ദുബായ് റണ്ണിൽ തിളക്കവുമായി മലയാളി വയോധിക. പാലക്കാട് തൃത്താല ആലൂർ സ്വദേശി ഫാത്തിമ പുളിക്കലാണ് ദുബായിൽ ജോലി ചെയ്യുന്ന മകൻ ഷബീർ അബു, മരുമകൾ ഷാഹിന ഷബീർ, കൊച്ചുമക്കളായ ഷിബാ ഷബീർ, മുഹമ്മദ് ഷെബിൻ ഷബീർ, ഷബീഹ് അബ്ദുൽ ഖാദർ എന്നിവരോടൊപ്പം ദുബായ് റണ്ണിൽ പങ്കെടുത്തത്.


ഫാത്തിമ ഡിസംബറിൽ 70–ാം പിറന്നാളാഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ഇവരുടെ ഭർത്താവ് പരേതനായ പി.അബ്ദുൽ ഖാദർ മുൻ ഇന്ത്യൻ നാവിക സേനാ ഉദ്യോഗസ്ഥനായിരുന്നു. 2007 മുതൽ യുഎഇയിൽ താമസിക്കുന്ന ഫാത്തിമ ദുബായ് റണ്ണിൽ പങ്കെടുക്കാൻ ഏറെ നാളായി കാത്തിരിക്കുകയുമായിരുന്നു. മൂന്നു ഭാഷകൾ സംസാരിക്കാനറിയാവുന്ന ഇവർക്ക് അതുകൊണ്ടുതന്നെ ദുബായിലെ ഇതര രാജ്യക്കാരുമായി സൗഹൃദത്തിലാകാൻ ഏറെ താമസം വേണ്ടിവന്നില്ല.



ഏറ്റവും പുതിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളെക്കുറിച്ച് ഏറെ അവബോധമുള്ള ഫാത്തിമ അവ ഉപയോഗിക്കുകയും മറ്റുള്ളവർക്ക് തന്റെ അറിവ് പകർന്നുനൽകുകയും ചെയ്യുന്നു. 1969ൽ എംഇഎസ് പൊന്നാനി കോളജിൽ നിന്ന് ബിരുദം നേടി. ജീവിതത്തെ എപ്പോഴും ശുഭാപ്തി വിശ്വാസത്തോടെ സമീപിക്കുകയാണ് തന്റെ ജീവിതരീതിയെന്നും അതാണ് തന്നെ ഇപ്പോഴും ആരോഗ്യവതിയായി നിലനിർത്തുന്നതെന്നും ഫാത്തിമ പറയുന്നു


Below Post Ad