അവസാന ഗ്രൂപ്പ് മത്സരത്തിന് അർജന്റീന ഇന്നിറങ്ങുകയാണ്. 974 സ്റ്റേഡിയത്തിൽ പോളണ്ടാണ് എതിരാളികൾ. സൗദി അറേബ്യയോട് തോറ്റും മെക്സിക്കോയോട് എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചും മൂന്ന് പോയിന്റുള്ള ടീമിന് ഇന്നത്തെ കളി മരണക്കളിയാണ്.
ഗ്രൂപ്പ് സി യിൽ രണ്ടാം സ്ഥാനത്തുള്ള ടീമിന് പ്രീക്വാർട്ടർ ഉറപ്പിക്കാൻ പോളണ്ടിനോട് ജയിച്ചേ മതിയാകൂ. നാല് പോയിന്റോടെ ഒന്നാം സ്ഥാനത്തുള്ള പോളണ്ടിന് സമനില പിടിക്കാനായാൽ തന്നെ നോക്കൗട്ട് ഉറപ്പിക്കാനാകും.
1986 ന് ശേഷം ആദ്യമായാണ് പോളണ്ട് നോക്കൗട്ട് സാധ്യതക്കരിലെത്തുന്നത്. സൂപ്പർ താരം റോബോർട്ട് ലെവൻഡോവ്സ്കിയും മെസിയും നേർക്കുനേർ വരുന്ന മത്സരമെന്നതിനാൽ കൂടുതൽ കടുത്ത മത്സരത്തിനാണ് സാധ്യത.
മെസിക്കെതിരെ ലോകകപ്പിൽ ഏറ്റുമുട്ടാൻ താൻ കാത്തിരിക്കുകയാണെന്നാണ് ലെവൻഡോവ്സ്കി ഈയിടെ പറഞ്ഞത്. ഇരുതാരങ്ങളും ഏറ്റുമുട്ടുന്ന മത്സരത്തെ നേരത്തെ തന്നെ ആരാധകർ കാത്തിരിക്കുകയാണ്.
സൗദി അറേബ്യക്കെതിരെ രാജ്യത്തിന് വേണ്ടി ആദ്യ ലോകകപ്പ് ഗോൾ നേടിയ ലെവൻഡോവ്സ്കിക്ക് ഇന്നത്തെ മത്സരം ചരിത്ര ദൗത്യം കൂടിയാണ്.
ഖത്തർ ലോകകപ്പ് മെസിക്കും ലെവൻഡോവ്സ്കിക്കും അവസാന ലോകകപ്പാകാൻ സാധ്യതയുള്ളതിനാൽ കയ്യും മെയ്യും മറന്നുള്ള പോരിനാകും 974 സ്റ്റേഡിയം സാക്ഷിയാവുക.
ജയത്തിൽ കുറഞ്ഞതൊന്നും അർജന്റീനക്ക് മുന്നിലില്ല. തോൽവിയാണ് ഫലമെങ്കിൽ 36 വർഷത്തെ കാത്തിരിപ്പിന് ഇനിയും ദൈർഘ്യമേറും. മത്സരം സമനിലയിൽ അവസാനിക്കുകയാണെങ്കിൽ സൗദി അറേബ്യ മെക്സിക്കോ മത്സരത്തെ അടിസ്ഥാനമാക്കിയായിരിക്കും അർജന്റീനയുടെ നിലനിൽപ്പ്.
മെക്സിക്കോയോട് സൗദി അറേബ്യ പരാജയപ്പെടുകയാണെങ്കിൽ മാത്രമേ അർജന്റീനയ്ക്ക് മുന്നോട്ടുള്ള പ്രയാണം സാധ്യമാവുകയുള്ളൂ
11 തവണയാണ് അർജന്റീനയും പോളണ്ടും നേർക്കുനേർ ഏറ്റുമുട്ടിയത്. മൂന്നു തവണ പോളണ്ടിന് വിജയിക്കാനായപ്പോൾ ആറു തവണയും വിജയം അർജന്റീനക്കൊപ്പമായിരുന്നു. രണ്ടു തവണ സമനിലയിൽ പിരിഞ്ഞു. 2011 ലാണ് അവസാനമായി ഇരുടീമുകളും ഏറ്റുമുട്ടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അർജന്റീനയെ പരാജയപ്പെടുത്താൻ പോളണ്ടിനായി.