ഒരുമാസത്തെ അവധിക്ക് നാട്ടിൽ എത്തിയ സക്കീർ മൂന്ന് ദിവസം മുൻപാണ് തിരിച്ച് ദുബായിലേക്ക് മടങ്ങിയത്. ഉമ്മ ഐഷു വാരിക്കൊടുത്ത ചോറ് കഴിച്ചാണ് സക്കീർ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.
വല്യുമ്മ, ഉപ്പയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്നതിന്റെ വീഡിയോ സക്കീറിന്റെ ഇളയമകൻ ഷഹബാസ് മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഇത് വാട്സാപ്പിലും മറ്റും പങ്കുവെക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച സക്കീറിന്റെ മരണവാർത്തയ്ക്ക് പിന്നാലെ നിരവധി ആളുകളാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.
ദുബായിൽ എത്തിയതിന്റെ പിറ്റേദിവസം രാവിലെ സക്കീർ എഴുന്നേൽക്കാൻ വൈകി. തുടർന്ന് വിളിച്ചുണർത്താൻ ചെന്ന മൂത്തമകൻ മുഹ്സിൻ ആണ് സക്കീറിനെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഹൃദയാഘാതമാണ് മരണകാരണം എന്നാണ് മെഡിക്കൽ റിപ്പോർട്ട്. ലിഫ്റ്റ് ഓപ്പറേറ്ററായ സക്കീർ മകനൊപ്പമാണ് ദുബായിൽ താമസിച്ചിരുന്നത്. മൃതദേഹം വെള്ളിയാഴ്ച നാട്ടിൽ എത്തിക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിട്ടുള്ളത്.