കൂറ്റനാട്: സ്‌കൂൾവിദ്യാർഥികളുമായിപ്പോയ വാൻ സ്‌കൂട്ടലിടിച്ച് സ്‌കൂട്ടർ യാത്രികർക്ക് പരിക്കേറ്റു. സ്‌കൂട്ടർ ഓടിച്ചിരുന്ന കവുക്കോട് തെക്കേക്കര സ്വദേശി സൈഫുദ്ദീൻ (42), ചാലിശ്ശേരി സ്വദേശിയും അക്കിക്കാവ് ഹൈസ്‌കൂളിൽ 10-ാം തരം വിദ്യാർഥിയുമായ ബോവസ് വിനോദ് (15) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.
ചാലിശ്ശേരി പോസ്റ്റോഫീസിന് മുന്നിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചിനു ശേഷമാണ് അപകടം നടന്നത്. കുട്ടികളുമായിവന്ന വളയംകുളത്തുള്ള സ്വകാര്യ വിദ്യാലയത്തിന്റെ വാനാണ് അപകടത്തിൽപ്പെട്ടത്.
വാൻ പ്രധാന പാതയിൽനിന്ന് ആശുപത്രിറോഡിലേക്ക് തിരിയുമ്പോഴാണ് സകൂട്ടറിലിടിച്ചത്. യാത്രക്കാരും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ചാലിശ്ശേരി അങ്ങാടിയിലെ ഐ.പി.സി.ചർച്ച് പാസ്റ്ററുടെ മകനാണ് ബോവസ് വിനോദ്. തലയ്‌ക്കും കൈകാലുകൾക്കും ഗുരുതര പരിക്കേറ്റ ബോവസ് വിനോദിനെയും ബൈക്കോടിച്ചിരുന്ന സൈഫുദ്ദീനെയും വിദഗ്‌ധ പരിശോധനയ്‌ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചാലിശ്ശേരിപോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.